newsdesk
കോഴിക്കോട്: ചികിത്സാപിഴവ് മൂലം കുഞ്ഞിന് വളര്‍ച്ചക്കുറവുണ്ടായെന്ന് ആരോപിച്ച് യുവതിയും കുടുംബവും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രസവസമയത്ത് ചികിത്സാ പിഴവുണ്ടായെന്നും വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. പത്തുമാസം പ്രായമായ കുട്ടിക്ക് ബുദ്ധിപരമായി പ്രശ്നങ്ങളുണ്ട്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കുഞ്ഞ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രസവത്തിനുപിന്നാലെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നുവെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ ജനുവരി 24-നാണ് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിനിയായ അനുശ്രീ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാവുന്നത്. ഗൈനക്കോളജി വിഭാഗം ഡോ സൂരജായിരുന്നു അനുശ്രീയെ ചികിത്സിച്ചിരുന്നത്. ചികിത്സയില്‍ പിഴവുകളുണ്ടായെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നുമാണ് യുവതിയുടെ പരാതി. അസഹ്യമായ വേദന അനുഭവപ്പെട്ടപ്പോള്‍ ചികിത്സിക്കുന്നതിനുപകരം വഴക്ക് പറഞ്ഞെന്നും അനുശ്രീ പറയുന്നു.
‘ബ്ലീഡിങ്ങുണ്ടായിട്ടുപോലും ആരും തിരിഞ്ഞുനോക്കിയില്ല, അമ്മ നിലവിളിച്ചു കരഞ്ഞപ്പോഴാണ് അധികൃതര്‍ ഓടിയെത്തിയത്. ക്ഷമയോടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ പി.ജി ഡോക്ടര്‍ എന്നോടും അമ്മയോടും മോശമായി പെരുമാറി’- അനുശ്രീ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന് ഇപ്പോഴും ഭക്ഷണം മൂക്കിലൂടെയാണ് നല്‍കുന്നത്. സാധാരണ കുഞ്ഞുങ്ങളെ പോലെ സംസാരിക്കുകയോ ചിരിക്കുകയോ കുഞ്ഞ് ചെയ്യുന്നില്ലെന്നും കുടുംബം പറയുന്നു.
ഇതുവരെ പാല് വായിലൂടെ കൊടുക്കാനായിട്ടില്ലെന്നും കുട്ടിക്ക് ജനിക്കുമ്പോള്‍ ഓക്‌സിജന്‍ ലഭിക്കാത്തതാണ് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും കോഴിക്കോട് കമ്മീഷണര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. നീതി ലഭിക്കാനായി വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം