Site icon CTV Online

സ്കൂട്ടർ യാത്രക്കിടെ കാട്ടുപന്നി ആക്രമിച്ചു;കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അബോധാവസ്ഥയിൽ

കട്ടാങ്ങൽ : മാവൂരിൽ നിന്നു കൊടുവള്ളി ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനു കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. കൊടുവള്ളി എരഞ്ഞിക്കോത്ത് വയലിൽ മുഹമ്മദ് അബ്ദുൽ അഷ്റഫ് (53) ആണ് കാട്ടുപന്നിയുടെ പരുക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെ മാവൂർ– കൊടുവള്ളി റോഡിൽ എൻഐടി മെഗാ ഹോസ്റ്റൽ പരിസരത്താണു സംഭവം. ഉടൻ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അബോധാവസ്ഥയിൽ തുടരുന്ന അഷ്റഫ് ഇതു വരെ അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിൽ അമിത രക്തസ്രാവവും ക്ഷതവും മൂലം ഐസിയുവിൽ തുടരുകയാണ്.നേരത്തേ രാത്രി ഈ റോഡിലും എൻഐടി ക്യാംപസിലും പലയിടത്തും കാട്ടുപന്നിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു. യാത്രക്കാർ പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്.

എൻഐടി ക്യാംപസിൽ കാടുമൂടിക്കിടക്കുന്ന ഹെക്ടർ കണക്കിന് സ്ഥലം കാട്ടു പന്നികളുടെ പ്രധാന താവളമാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. രാത്രി ക്വാർട്ടേഴ്സ് പരിസരത്ത് കാട്ടു പന്നികൾ എത്തുന്നതിനാൽ പുറത്തിറങ്ങാറില്ലെന്നു താമസക്കാർ പറയുന്നു. കാട്ടുപന്നി റോഡിൽ ഇറങ്ങി യാത്രക്കാരെ ആക്രമിക്കുന്നതിന് എതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ഉൾപ്പെടെ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.

Exit mobile version