Site icon CTV Online

മാവൂർ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു; 18 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനം

മാവൂർ : മാവൂരിൽ പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് 18 തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനമായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. സ്റ്റേഷൻ ഓഫീസർ 1, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ 1, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ 4, സീനിയർ ഫയർ & റെസ്ക്യൂ മെക്കാനിക്ക് 1, ഡ്രൈവർ 4, ഫയർ & റെസ്ക്യൂ ഓഫീസർ 7 എന്നീ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നതിനുള്ള വാട്ടർ ടെണ്ടർ വെഹിക്കിൾ, ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ, ആംബുലൻസ്, ജീപ്പ്, ഹൈഡ്രോളിക് റെസ്ക്യൂ ടൂൾ, റോപ്പ്, രണ്ട് ചെയിൻ സോകൾ എന്നിവയും അനുവദിച്ചിട്ടുണ്ട്.


മാവൂരിൽ പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് 2021 ഫെബ്രുവരി മാസത്തിൽ തത്വത്തിൽ അനുമതി ലഭിച്ചിരുന്നുവെങ്കിലും പ്രവർത്തനം തുടങ്ങുന്നതിനുള്ള താൽക്കാലിക സംവിധാനം ഏർപ്പെടുത്തുന്നതിൽ വന്ന കാലതാമസം കാരണം ആയത് ആരംഭിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ച് സൗകര്യങ്ങൾ ഒരുക്കിയതോടെയാണ് തസ്തികകളും ഉപകരണങ്ങളും അനുവദിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്. പുതിയ ഫയർ സ്റ്റേഷന് സ്ഥിരം കെട്ടിടം നിർമ്മിക്കാൻ ചെറൂപ്പ വില്ലേജിലെ ചെറൂപ്പ ദേശത്ത് റി.സർവ്വേ 21/1 ൽ പെട്ട 1 ഏക്കർ 32 സെൻ്റ് സ്ഥലം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുകയും അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.


എംഎൽഎ എന്ന നിലയിൽ തന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഫയർ സ്റ്റേഷനാണ് മാവൂരിലേതെന്നും നേരത്തെ കൊടുവള്ളി എംഎൽഎയായിരിക്കെ ആരംഭിച്ച ഫയർ സ്റ്റേഷനാണ് നരിക്കുനിയിലുള്ളതെന്നും മാവൂരിന്റെ വികസന സ്വപ്നങ്ങളിൽ പുതിയൊരു കാൽവെപ്പായി മാറുന്ന ഫയർ സ്റ്റേഷന്റെ പ്രവർത്തന ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് നടത്തുന്നതാണെന്നും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Exit mobile version