
newsdesk
മാവൂർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡായ കൽപള്ളിയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഷിഗെല്ലോസിസ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ പൊതുജനങ്ങളിൽ ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കുന്നതിനായി, പ്രൊജക്ടർ സംവിധാനത്തിലൂടെയുള്ള ഡിജിറ്റൽ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ക്ലാസ് ഒരുക്കിയത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും വിഷയവതരണവും ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രജിത്ത് കെ.സി. നിർവ്വഹിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനായി പൊതുജനങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വ്യക്തിശുചിത്വത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീ. അനസ് പി.സി. പ്രസ്തുത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് എപ്പിഡെർമിയോളജിസ്റ്റ് മേഘ്ന പി. ദിനേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് അനിത, സീനത്ത് മണ്ണിൽത്തോടി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ വാർഡ് മെമ്പർ കദീജ റഹ്മാൻ സ്വാഗതവും സി.ഡി.എസ്. അംഗം നുസൈബ പരുതൂളി നന്ദിയും രേഖപ്പെടുത്തി. പ്രദേശവാസികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി.
