
Web Desk
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ വീണാ വിജയന്റെ എക്‌സാലോജിക് എന്ന കമ്പനിയുടെ മെന്റര്‍ ആണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020 മേയ് 20 വരെ ഉണ്ടായിരുന്ന ഈ വിവരം വെബ്‌സൈറ്റില്‍ നിന്നും പിന്നീട് അപ്രത്യക്ഷമായിയെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രധാന വിവരങ്ങള്‍ പല സമയത്തായി വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. 107 തവണയാണ് വെബ്‌സൈറ്റില്‍ മാറ്റം വരുത്തിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ജെയ്ക് മെന്ററാണെന്ന് വീണ പറഞ്ഞിട്ടില്ല എന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് കുഴല്‍നാടന്‍ ചോദിച്ചു. വെബ്‌സൈറ്റിലെ വിവരങ്ങള്‍ മാറ്റിയതെന്തിനെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വെബ്‌സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കില്‍ കേസുകൊടുക്കാന്‍ ധൈര്യമുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. പറഞ്ഞത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ ഐടി കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണ് താന്‍ പറഞ്ഞത്. വീണ വിജയന്‍ എംഡിയായ കമ്പനിയില്‍ ജെയ്ക് ബാലകുമാര്‍ മെന്റര്‍ ആണെന്ന് വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരുന്നു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണം.
