Site icon CTV Online

വയനാട്ടിൽ വൻ പ്രതിഷേധം ;വനം വകുപ്പിന്റെ ജീപ്പ് തകർത്തു

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരനായ പോളിന്റെ മൃതദേഹവുമായി നാട്ടുകാർ വൻപ്രതിഷേധത്തിൽ. ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്ന് മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചത്. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി പുൽപള്ളിയിൽ എത്തിയിരിക്കുന്നത്. വനം വകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ തകർത്തു .കടുവ ആക്രമണത്തിൽ കൊല്ലപെട്ട പശുവിന്റെ മൃതദേഹവും സ്ഥലത്തു എത്തിച്ചിട്ടുണ്ട് .

കഴിഞ്ഞ ദിവസം മാനന്തവാടി പട്ടണത്തിൽ അജീഷിന്റെ മൃതദേഹവുമായി നാട്ടുകാർ നടത്തിയ പ്രതിഷേധത്തിന് സമാനമായ സാഹചര്യമാണ് പുൽപള്ളിലുമുള്ളത്. പോളിന്റെ സംസ്കാരം വൈകുന്നേരം മൂന്നുമണിക്ക് നടക്കുമെന്നാണ് വിവരം. അതിന് മുമ്പ് മൃതദേഹം പാക്കത്തെ വീട്ടിലേക്ക് എത്തിക്കും.ഇന്നലെ രാത്രിയോടെ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മൃതദേഹം പുൽപ്പള്ളിയിലേക്ക് കൊണ്ടുവന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ സംഘർഷസാധ്യത കണക്കിലെടുത്ത് ജില്ലയെമ്പാടും വൻ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വന്യമൃഗങ്ങളുടെ ആക്രമം തുടരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയിൽ വിവിധ മുന്നണികളും രാഷ്ട്രീയകക്ഷികളും സംഘടനകളും പ്രഖ്യാപിച്ച ഹർത്താൽ പൂർണ്ണമാണ്. എൽഡിഎഫും യുഡിഎഫും ബിജെപിയും പ്രത്യേകമായി ഹർത്താൽ ആഹ്വാനം നടത്തിയിരുന്നു.

Exit mobile version