newsdesk
വയനാട് :മുത്തങ്ങ ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍നിന്ന് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രണ്ട് യാത്രക്കാരെ ആന തുരത്തി. വാഹനം നിര്‍ത്തി യാത്രക്കാര്‍ ആനയെ പ്രകോപിപ്പിച്ചതായി സൂചന. ഇന്നലെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.
തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ് ഈ ദൃശ്യം പകർത്തിയത്. വനംവകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചാണ് വനപാതയിൽ വാഹനത്തിൽ നിന്നിറങ്ങുന്നത്.
ഖത്തറിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു സവാദ്. മസിനഗുഡി വഴി ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഈ കാഴ്ച കണ്ടത്. ഗുണ്ടൽപ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറിൽ നിന്ന് രണ്ട് പേർ ഇറങ്ങി ആനകളുടെ ദൃശ്യം പകർത്തുകയായിരുന്നു. കൂട്ടത്തിൽ നിന്ന് ഒരുപിടിയാന പൊടുന്നനെ പാഞ്ഞെത്തി. ഓടുന്നതിനിടെ ഒരാൾ നിലത്ത് വീണു. അത്ഭുതകരമായാണ് രക്ഷപെട്ടത്.
ആന്ധ്രപ്രദേശ് സ്വദേശികളാണെന്ന് സംശയമുണ്ട്. വനപാതയിൽ ഇറങ്ങി ദൃശ്യം പകർത്തുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് പലരും ഇത്തരം സാഹസിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദൃശ്യങ്ങൾ വഴി ലഭ്യമാകുന്ന നമ്പറുകൾകേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ശേഷം വനംവകുപ്പ് കേസെടുക്കാറുമുണ്ട്. നേരത്തെയും സമാനമായ സംഭവങ്ങൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടതോടെ ബോധവൽക്കരണമെന്ന നിലയിലാണ് ദൃശ്യം പുറത്തുവിട്ടതെന്ന് സവാദ് വ്യക്തമാക്കി.