Site icon CTV Online

മണിപ്പൂർ ഹൃദയഭേദകം; രാഹുൽ ഗാന്ധി

newsdesk

കോഴിക്കോട്: മണിപ്പൂരിൽ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് രാഹുൽ ഗാന്ധി എം.പി. 55 ലക്ഷം രൂപ ചെലവഴിച്ച് കോടഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ പുതുതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റർ (സി.ഡി.എം.സി) ന്റെ തറക്കല്ലിടൽ കർമ്മം കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലെ ഭരണകൂടം രണ്ടായി മുറിച്ചത് പോലെയാണ് കാണാൻ കഴിഞ്ഞത്. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിച്ച പീഡനങ്ങൾ മനസിനെ അസ്വസ്ഥമാക്കി. അവിടുത്തെ സുരക്ഷാഭടന്മാർ പോലും രാഷ്ട്രീയ വിദ്വേഷത്തിന്റെയും വർഗീയ ചേരിതിരിവിന്റെയും അസ്വസ്ഥതയുടെ ഫലമായി നിസ്സഹായവസ്ഥയിലാണ്. മണിപ്പൂർ ആകെ മാറിക്കഴിഞ്ഞു. സമൂഹത്തെ നന്നായി നിലനിർത്തുന്നതിനും പരസ്പരം സ്‌നേഹിക്കുന്നതിനും മണിപ്പൂരിൽ സംഭവിച്ചത് വേറെ ഒരിടത്ത് സംഭവിക്കാതിരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. രാജ്യത്ത് നടക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം ഒരിടത്തും വരാതിരിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഭിന്നശേഷിക്കാർക്കായി ഈ സ്ഥാപനത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നെന്നെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്യു കുഴൽനാടൻ എം.എൽ.എ പരിഭാഷപ്പെടുത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കെ.സി വേണുഗോപാൽ എം.പി, ടി.സിദ്ധിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ രാജേഷ്, ക്ഷേമകാര്യ ചെയർപേഴ്‌സൺ ജോബി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എ.കെ കൗസർ, വികസനകാര്യ ചെയർമാൻ ടി എം. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ മെഡിക്കൽ ഓഫീസർ ഡോ.തസ്‌നി മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സണ്ണി കാപ്പാട്ടുമല, കെ.എം ബഷീർ, കെ.എം പൗലോസ്, വിൻസെന്റ് വടക്കേമുറിയിൽ, ജോർജ് മച്ചുകുഴിയിൽ, പ്രിൻസ് പുത്തൻകണ്ടം, ജയേഷ് ചാക്കോ, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Exit mobile version