Site icon CTV Online

മാമ്പൂ കണ്ട് കൊതിക്കരുത് എന്ന് നമ്മോട് പറഞ്ഞു മാവിന്റെ വളർച്ച മുരടിപ്പിക്കുന്ന തളിർ മുറിയൻ വണ്ടുകളെ കുറിച്ചും അവയുടെ നിയന്ത്രണ മാർഗങ്ങളെ കുറിച്ചും വിശദമായി അറിയാം

മാമ്പൂ കണ്ട് കൊതിക്കരുത് എന്ന പോലെ തന്നെയാണ് മാന്തളിരിൻ്റെ കാര്യത്തിലും, ഇതിന് കാരണക്കാരൻ ഒരു ചെറു വണ്ടുകളും . നന്നായി തളിരിട്ട മാവിൻ്റെ ഇളം തളിരിലകളെല്ലാം ഒരു സുപ്രഭാതത്തിൽ കത്രിക കൊണ്ട് മുറിച്ചത് പോലെ നിലത്ത് വീണു കിടക്കുന്നത് കാണുമ്പോൾ മാത്രമാണ് ഇവയുടെ ആക്രമണം നമ്മൾ ശ്രദ്ധിക്കുക.

പെൺ വണ്ടുകൾ അവയുടെ മുട്ട വിരിയിക്കുന്നതിനുള്ള ഒരു തന്ത്രം കൂടിയാണ് ഈ ഇല മുറിക്കൽ. മുട്ടകളെ തളിരിലയുടെ ഞരമ്പിൽ തറച്ച് നിക്ഷേപിച്ച ശേഷമാണ് ഇലകൾ ഞെടുപ്പിനോട് ചേർത്ത് മുറിക്കുന്നത്. മുട്ട വിരിഞ്ഞു വരുന്ന പുഴുക്കൾ തറയിൽ വീണ ഇലകൾ ഭക്ഷിച്ചു വളരുകയും മണ്ണിൽ സമാധിയായി വീണ്ടും വണ്ടുകളായി പുറത്തു വരുകയും ചെയ്യും (അതിജീവനത്തിനായി പ്രകൃതി നൽകുന്ന ടെക്നിക്കുകൾ). തളിരിലകൾ കൂട്ടമായി പോകുന്നതോടെ മാവിന്റെ വളർച്ച മുരടിക്കുന്നു. ഇനി ഇവയെ നിയന്ത്രിച്ചു മാവിനെ തഴച്ചു വളരാൻ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം .

നിയന്ത്രണ മാർഗങ്ങൾ

തറയിൽ മുറിച്ചിട്ട ഇലകൾ അടിച്ചു കൂട്ടി കത്തിച്ച് കളയണം, ഇത് അടുത്ത തലമുറ വണ്ടുകൾ ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കും.

തളിരിടുന്ന സമയത്ത് വണ്ടുകളെ അകറ്റുന്നതിനുള്ള മരുന്ന് തളി നടത്തുക. ജൈവ നിയന്ത്രണ മാർഗമെന്ന നിലയിൽ 2 % വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം സോപ്പ് ലായനി ചേർത്ത് തളിച്ചിടാം. ഒരു ലിറ്റർ വെള്ളത്തിൽ 20 മില്ലി വേപ്പെണ്ണയും, 20 ഗ്രാം വെളുത്തുള്ളി അരച്ചതും ചേർത്ത്, 5 ഗ്രാം ബാർ സോപ്പും ചേർത്ത് നന്നായി ഇളക്കി, അരിച്ചെടുത്ത് ഈ ലായനി തയ്യാറാക്കാം. ചെറിയ തൈകൾക്ക് ഈ മാർഗം അവലംബിക്കാം.

തളിരിലകളിൽ രാസ കീടനാശിനികളായ ക്വിനാൽഫോസ് (എക്കാലക്സ് എന്ന പേരിൽ ലഭ്യമാണ് ), ഫെൻവാലറേറ്റ് (ടാറ്റാഫെൻ എന്ന പേരിൽ ലഭ്യമാണ്) എന്നിവയിലൊന്ന് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളിൽ തളിച്ചിടാം

വൈകുന്നേരം സന്ധ്യാ സമയത്താണ് ഇവയുടെ സന്ദർശനം, ആ സമയത്ത് മാവിൻ ചുവട്ടിൽ പുക ഇട്ടു കൊടുക്കുന്നത് വണ്ടുകളെ അകറ്റാൻ സഹായിക്കും. ഇലകൾ കൂട്ടിയിട്ട് അല്പം വെള്ളം തളിച്ച് തീ കൊടുത്താൽ പെട്ടെന്ന് കത്തിപ്പോകാതെ പുക കൂടുതൽ ഉണ്ടാകും.

മാവിൽ ചുവട്ടിൽ ഇളക്കി വേപ്പിൻ പിണ്ണാക്ക് ചേർത്ത് കൊടുക്കുന്നത് മണ്ണിലുള്ള സമാധിദശകളെ നശിപ്പിക്കാൻ സഹായിക്കും.

Exit mobile version