വിവാഹം നടക്കാത്തതിൽ കടുത്ത വിഷമം; അടിമാലിയിൽ 39കാരൻ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി

newsdesk

അടിമാലി: വിവാഹം നടക്കാത്തതിന്റെ വിഷമത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ഇടുക്കി അടിമാലി ടൗണിലാണ് സംഭവം. അടിമാലി അമ്പലപ്പടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേകൈതക്കൽ ജിനീഷ് (39) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

കൈയിൽ കരുതിയിരുന്ന പെട്രോളുമായി യുവാവ് അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാക്സ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ചാക്ക് നനച്ചും മണൽ വാരി എറിഞ്ഞും തീ അണയ്‌ക്കാൻ ശ്രമം നടത്തിയെങ്കിലും ജിനീഷിന്റെ തൊലി മുഴുവൻ നഷ്ടപ്പെട്ട് കാര്യമായി പൊള്ളലേറ്റിരുന്നു. തുടർന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയി.ജിനീഷിന് മാതാവും സഹോദരനുമാണുള്ളത്. സഹോദരനും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിൽ വലിയ വിഷമമുണ്ടെന്ന് ഇയാൾ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യാ ശ്രമത്തിലേയ്‌ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയാണ് ജിനീഷ്.

error: Content is protected !!