Site icon CTV Online

ഒരു പെഗിന് 100 രൂപ; പാലായിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ

News Desk

സർക്കാർ അംഗീകാരവും ലൈസൻസുമില്ലാതെ ബിവറേജിൽ ക്യൂ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയിൽ നിന്നും പെഗ് ഊറ്റി നൽകി ബാർ നടത്തിയിരുന്ന പ്രതി പിടിയിൽ. പാലായിൽ ഫൈവ് സ്റ്റാർ ബാർ നടത്തിയിരുന്നയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഒരു പെഗിന് 100 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയത്.

പാലാ നീലൂരിൽ നടത്തിയിരുന്ന സമാന്തര ബാറാണ് എക്സൈസ് സംഘം പൂട്ടിച്ചത്. മീനച്ചിൽ കടനാട് വല്യാത്ത് വീട്ടിൽ വർക്കി ജോസഫാണ് (കുട്ടിച്ചൻ, 58) വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയത്. വിൽപന ലക്ഷ്യമാക്കി കൈവശം കരുതിയ 1.450 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു.

ഒരു പെഗിന് 100 രൂപ നിരക്കിൽ ആയിരുന്നു മദ്യം വിറ്റു കൊണ്ടിരുന്നത്. എക്സൈസ് സംഘം ചെല്ലുമ്പോൾ ഇയാൾ രാമപുരം സ്വദേശിക്ക് മദ്യം ഊറ്റി നൽകുകയായിരുന്നു. ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കുട്ടിച്ചൻ്റെ പക്കൽ നിന്നും മദ്യം വിറ്റ വകയിൽ ലഭിച്ച 9750 രൂപയും കണ്ടെത്തി.

പാലാ എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ ബി ആനന്ദരാജ് നേതൃത്വം നൽകിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ടോബിൻ അലക്സ് , ഷെബിൻ ടി മാർക്കോസ്, പ്രണവ് വിജയ് , ഡ്രൈവർ സന്തോഷ് കുമാർ ടി ജി എന്നിവരും ഉണ്ടായിരുന്നു.

Exit mobile version