കോഴിക്കോട് നിന്ന് കാണാതായ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയില്‍ തള്ളിയതായി സുഹൃത്തിന്റെ മൊഴി; കൊലപാതകം സ്വർണം തട്ടിയെടുക്കാൻ വേണ്ടി ;കേസെടുത്ത് പൊലീസ്

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ നിന്ന് കുറച്ച് ദിവസം മുന്‍പ് കാണാതായ സ്ത്രീയെ കൊന്ന് കൊക്കയില്‍ തള്ളിയതായി സുഹൃത്തിന്റെ മൊഴി. മലപ്പുറം താനൂര്‍ സ്വദേശി സമദി(52) ന്റെ പേരിലാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി.

നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. മിസ്സിങ് കേസില്‍ അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.

സ്വര്‍ണത്തിന് വേണ്ടിയാണ് സൈനബയെ കൂട്ടിക്കൊണ്ടു പോയതെന്നും കാറില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊന്നു എന്നും മൃതദഹേം നാടുകാണി ചുരത്തില്‍ നിന്ന് താഴേക്കിട്ടു എന്നും മൊഴിയില്‍ പറയുന്നു.

ഇതേ തുടര്‍ന്ന് കസബ പോലീസ് മൃതദേഹം കണ്ടെത്താനായി നിലമ്പൂര്‍ -ഗൂഡല്ലൂര്‍ മേഖലയില്‍ തെരച്ചില്‍ തുടങ്ങി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, മൃതദേഹം ലഭിച്ചാല്‍ മാത്രമേ കൊലപാതകമെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

error: Content is protected !!