Site icon CTV Online

‘കറുത്ത പെണ്ണും വെളുത്ത കാറുമാണ് കിട്ടിയത്’, രണ്ടാം ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്നു; സത്യം പുറത്തുവന്നത് എട്ട് വർഷങ്ങൾക്ക് ശേഷം

newsdesk

കൊല്ലം: ഭാര്യയെ തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷങ്ങൾക്ക് ശേഷം ഭർത്താവ് പോലീസ് പിടിയിൽ. തേവലക്കര സ്വദേശി ഷിഹാബാണ് ഭാര്യ ഷാജീറയെ കൊലപ്പെടുത്തിയത്. 2015 ജൂൺ പതിനേഴിനായിരുന്നു കൊലപാതകം നടന്നത്.

ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു ഷാജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസമാണ് യുവതി കൊല്ലപ്പെട്ടത്. കറുത്ത പെണ്ണും വെളുത്ത കാറുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് പ്രതി എന്നും ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും ഇയാൾ ഭാര്യയെ അനുവദിച്ചില്ല.സംഭവ ദിവസം കരിമീൻ വാങ്ങാനെന്നും പറഞ്ഞാണ് പ്രതി ഭാര്യയേയും കൂട്ടി വീട്ടിൽ നിന്നിറങ്ങിയത്. പെരിങ്ങാലത്തേക്ക് എത്തി.

അവിടെ നിന്ന് കരിമീൻ കിട്ടിയില്ല. തുടർന്ന് വൈകിട്ട് ആറരയോടെ ജങ്കാറിൽ കല്ലുമൂട്ടിൽ കടവിൽ തിരിച്ചെത്തി. തനിക്ക് തലവേദനയാകുന്നെന്ന് പറഞ്ഞ് കുറേ സമയം അവിടെ നിന്നു. രാത്രി കടവിൽ നിന്ന് ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു, ഇരുട്ടത്ത് ആരും കാണാതെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു .

ഭാര്യ കാൽതെറ്റി വീണെന്നായിരുന്നു ചുറ്റും കൂടിയവരോട് ഇയാൾ പറഞ്ഞത്. അബോധാവസ്ഥയിലായ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ മൂന്നാം ദിനം മരണത്തിന് കീഴടങ്ങി. തുടർന്ന് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017ൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.

Exit mobile version