Site icon CTV Online

കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി; ഒരുമണിക്കൂറോളം നരകയാതന അനുഭവിച്ച യുവാവിനെ കൈ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി

newsdesk

വിഴിഞ്ഞം: കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി ഒരുമണിക്കൂറോളം നരകയാതന അനുഭവിച്ച യുവാവിനെ ഒടുവിൽ കൈ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. വിഴിഞ്ഞം കാവുവിളാകം തോട്ടിൻകരയിലെ നടവഴിയിൽ കോൺക്രീറ്റ് ജോലിക്കെത്തിയ പൂവാർ തിരുപുറം അംബേദ്കർ നഗറിൽ പരേതനായ ഡെന്നിസന്റെയും സുശീലയുടെയും മകൻ മനു എന്ന അരുൺകുമാർ (31) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം .

നഗരസഭയുടെ ഇടവഴികൾ കോൺക്രീറ്റ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി നടന്ന ജോലിക്കുശേഷം യന്ത്രം വൃത്തിയാക്കുമ്പോഴാണ് അപകടം. യന്ത്രം ഓഫാക്കാതെ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിന്റെ ചക്രങ്ങൾക്കിടയിൽ ചാക്ക് കുടുങ്ങി കൈ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ ഫയർഫോഴ്സിനെയും വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചു.

ഫയർഫോഴ്സെത്തി യന്ത്രത്തിന്റെ ലോക്ക് കട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡോ.എസ്. ആമിന സ്ഥലത്തെത്തി കൈ മരവിപ്പിച്ച ശേഷം മുട്ടിന് മുകളിൽവച്ച് മുറിച്ചുമാറ്റിയാണ് യുവാവിനെ രക്ഷിച്ചത്.വലതുകൈപ്പത്തി ഉൾപ്പെടെയുള്ള ഒരു ഭാഗം ചതഞ്ഞ് യന്ത്രത്തിൽ കുടുങ്ങിക്കിടന്നിരുന്നു. ഒരു മണിക്കൂറോളം വേദനയിൽ പുളഞ്ഞ് രക്തം വാർന്ന മനുവിനെ ഒപ്പമുണ്ടായിരുന്നവർ ഗ്ലൂക്കോസും വെള്ളവും ഇടയ്ക്കിടെ നൽകി ആശ്വസിപ്പിച്ചു.

ഇതിനുശേഷം മനുവിനെയും ഒടിഞ്ഞ് തൂങ്ങിയ കൈയും ആംബുലൻസിൽ മെഡിക്കൽകോളേജ്ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിഴിഞ്ഞം ഫയർസ്റ്റേഷൻ ഓഫീസർ ടി.കെ. അജയ്‌യുടെ നേതൃത്വത്തിൽ എ.എസ്.ടി.ഒ വി.ആർ.ജോസ്, ഗ്രേഡ് എ.എസ്.ടി.ഒ സി.ഏഞ്ചൽ, ഫയർമാന്മാരായ സി.എസ്. അശോക്,ആർ.ജി.ഷിജു, ഹരിദാസ്,എസ്.വിജു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മനു അവിവാഹിതനാണ്.

Exit mobile version