എറണാകുളത്ത് മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തം; ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനിടെ കെട്ടിടത്തിൽ കുടുങ്ങിയയാൾ മരിച്ചു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇയർ കമ്പനീസ് ജീവനക്കാരൻ കരയാംപറമ്പ് സ്വദേശി ബാബുവാണ് മരിച്ചത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ മറ്റ് ജീവനക്കാർ ഇറങ്ങി ഓടിയെങ്കിലും ബാബുവിന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല.

കെട്ടിടത്തിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ അഗ്നിശമന സേന ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. അപകടമുണ്ടായി നാല് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.തൃശൂർ സ്വദേശി പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് തീപിടിത്തമുണ്ടായ സ്ഥാപനം.കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലും തീപിടിത്തമുണ്ടായി. രണ്ട് സ്കൂട്ടറുകൾ കത്തി നശിച്ചു. ഒരെണ്ണം ഭാഗികമായും കത്തി. നിരവധി സ്കൂട്ടറുകൾക്ക് കേടുപാടുണ്ടായി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഫയർഫോഴ്സിന്റെ വെളിപ്പെടുത്തൽ. തിരുവമ്പാടി ജംഗ്ഷന് സമീപമുള്ള യെഡ് എന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റുകൾ എത്തി തീയണച്ചു. പുറത്തുനിന്ന് സർവീസിന് എത്തിച്ച സ്കൂട്ടറിന്റെ ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!