പാമ്പ് സർക്കരിന്റേതാണെങ്കിൽ കോഴി എന്റേതാണ്. നഷ്ടപരിഹാരം കിട്ടിയേതീരൂ; ഒടുവിൽ ജോർജ്ജിന് കിട്ടിയത് നാല് കോഴികൾക്ക് രണ്ടായിരം രൂപ

കാസർകോട്: രണ്ടുവർഷം മുമ്പ് പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നിയമപോരാട്ടത്തിലൂടെ നഷ്ടപരിഹാരം നേടി കെ വി ജോർജ്ജ് കടവൻ. മാലോം വില്ലേജിൽ കൊന്നക്കാടിനടുത്ത് വട്ടക്കയത്ത് ജോർജ്ജിന് നാലു കോഴികൾക്ക് 2000 രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. പാമ്പ് സർക്കരിന്റേതാണെങ്കിൽ കോഴി എന്റേതാണ്. നഷ്ടപരിഹാരം കിട്ടിയേതീരൂ എന്ന് മന്ത്രിയുടെ മുന്നിൽ പറഞ്ഞിട്ടും ഒരു വർഷം കഴിഞ്ഞാണ് ജോർജ്ജിന് നാലു കോഴിക്കെങ്കിലും നഷ്ടപരിഹാരം കിട്ടുന്നത്.

മാലോം വില്ലേജിൽ കൊന്നക്കാടിനടുത്ത് വട്ടക്കയത്ത് റോഡുവക്കിലാണ് ജോർജിന്റെ വീട്. വീട്ടുമുറ്റത്ത് കോഴിക്കൂട്. 2022 ജൂണിലാണ് സംഭവം. ഓരോദിവസവും കൂട്ടിൽ കോഴിയുടെ എണ്ണം കുറഞ്ഞുവന്നു. ഒരുദിവസം രാവിലെ കൂട് തുറന്നപ്പോൾകണ്ടത് കോഴിക്കുപകരം പെരുമ്പാമ്പിനെ. വിവരമറിഞ്ഞത്തെിയ വനപാലകർ പാമ്പിനെ പിടിച്ചുകൊണ്ടുപോയി വനത്തിൽവിട്ടു.

ജോർജിന്റെ കൂട് കാലിയായി. നഷ്ടം 10,000 രൂപയെന്ന് വനംവകുപ്പധികൃതർ കണക്കാക്കി. അപേക്ഷിച്ചാൽ തുക ലഭിക്കുമെന്ന ഉറപ്പുംനൽകി. താഴേത്തട്ട് മുതൽ ജോർജ് പരാതിനൽകി. ഫലംകണ്ടില്ല. വനംവകുപ്പ് സെക്രട്ടറിയുടെ മുമ്പിൽവരെ അപേക്ഷയെത്തി. നടപടിവന്നില്ല. 2023 ജൂൺ ഒന്നിന് വെള്ളരിക്കുണ്ടിൽ അന്നു മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ നടന്ന അദാലത്തിലേക്ക് ജോർജ് പരാതിക്കെട്ടുമായെത്തി. പ്രതിഷേധസ്വരത്തിൽ പറഞ്ഞു. ‘പാമ്പ് സർക്കരിന്റേതാണെങ്കിൽ കോഴി എന്റേതാണ്. നഷ്ടപരിഹാരം കിട്ടിയേതീരൂ’. പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.

നടപടി വൈകിയപ്പോൾ ജോർജ് പരാതി തുടർന്നു. വനംവകുപ്പധികൃതരെ വിടാതെ പിന്തുടർന്നു. പ്രശ്നം മനുഷ്യാവകാശകമ്മിഷന്റെ മുമ്പിലെത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ജില്ലാവനം ഓഫീസിൽനിന്നും തുക അനുവദിച്ച് അറിയിപ്പെത്തിയത്. ഇത്രയെങ്കിലും കിട്ടിയതിൽ സന്തോഷമെന്ന് ജോർജ് പറയുന്നു.

‘നിരന്തരം പരാതിപ്പെട്ട് അധികൃതരുടെ സ്വൈര്യം കെടുത്തിയാലെ അർഹതപ്പെട്ടത് ലഭിക്കൂവെന്ന അവസ്ഥമാറണം.’ -ജോർജ് പറയുന്നു. പെരുമ്പാമ്പ് കയറിയ കോഴിക്കൂട് 40,000 രൂപമുടക്കി പുതുക്കിനിർമിച്ച് ജോർജ് കോഴിവളർത്തൽ തുടരുന്നു.

error: Content is protected !!