Site icon CTV Online

ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്നു പരാതി; ഒടുവിൽ ട്വിസ്റ്റ്, പണം തട്ടാൻ ശ്രമിച്ച പരാതിക്കാരൻ തന്നെ അറസ്റ്റിൽ

മാഹി ∙ വ്യാജ പീഡനപരാതി നൽകി പണം തട്ടാൻ ശ്രമിച്ചയാളെ മാഹി സബ് കോടതി റിമാൻഡ് ചെയ്തു. വിവിധ ജില്ലകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി കാരക്കോട് വട്ടപ്പള്ളി വീട്ടിൽ മുഹമ്മദ് ഇഖ്ബാലാണ് (61) പൊലീസിന്റെ വലയിൽ വീണത്. ഏതാനും ദിവസം മുൻപ് മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ഇയാൾ 3 ദിവസം താമസിക്കുകയും ഭാര്യ എന്ന വ്യാജേന ഒപ്പമുണ്ടായിരുന്ന സ്ത്രീയെ റൂം ബോയ് പീഡിപ്പിച്ചെന്നു വ്യാജപരാതി നൽകുകയുമായിരുന്നു.

പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയിൽ നിന്നു പണം തട്ടാനാണു പീഡനകഥ ചമച്ചതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സ്ത്രീയുടെ ഭർത്താവിനെ കഴിഞ്ഞ കുറച്ചുകാലമായി കാണാനില്ല എന്നും രക്ഷകനായി അടുത്തുകൂടിയ ഇയാൾ സ്ത്രീയെ ഭയപ്പെടുത്തുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതായും കണ്ടെത്തി.

സമാനമായ പരാതികൾ ഇയാൾ നേരത്തേയും നൽകിയതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വ്യാജപരാതിയുടെ ചുരുളഴിച്ചത്. മാഹി സിഐ: ആർ.ഷൺമുഖം അന്വേഷണത്തിന് നേതൃത്വം നൽകി.

Exit mobile version