കോഴിക്കോട്, മാമി തിരോധാനക്കേസ്; ഡ്രൈവറെയും ഭാര്യയെയും കാണാനില്ല, വീണ്ടും ദുരൂഹത

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറേയും ഭാര്യയേയും കാണാതായി. ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയേയുമാണ് കാണാതായിരിക്കുന്നത്. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരൻ സുമൽജിത്താണ് നടക്കാവ് പൊലീസിന് പരാതി നൽകിയത്.

ദമ്പതികൾ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിസ് സമീപത്തുളള ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച മുറിയൊഴിഞ്ഞ് പോകുകയും ഇരുവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രജിത് കുമാറും തുഷാരയും വീട്ടിൽ നിന്ന് പോയത്. ചോദ്യം ചെയ്യലിനായി ഇരുവർക്കും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.അതേസമയം,മാമിയെ കാണാതായതുമായി ബന്ധപ്പെട്ട് മുൻമാനേജർ സോമസുന്ദരം ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതും അന്വേഷണത്തിൽ വഴിതിരിവായിരുന്നു. മാമിയെ കാണാതായി ഒരു മാസത്തിനുള്ളിൽ സ്ഥലമിടപാടിന്റെ രേഖ ആവശ്യപ്പെട്ട് ഒരു സംഘം തന്റെ അടുത്തെത്തിയതായി ക്രൈംബ്രാഞ്ച് സംഘത്തിന് സോമസുന്ദരം മൊഴി നൽകിയിരുന്നു. ഒരു സ്ഥലത്തിന്റെ എഗ്രിമെന്റ് തേടിയാണ് മാമിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ള സംഘമെത്തിയത്.തിരൂർ, പുളിക്കൽ സ്വദേശികളാണ് വന്നത്. എന്നാൽ മാമിയെ കാണാനില്ലാത്ത സാഹചര്യത്തിൽ തനിക്ക് സഹായിക്കാനാകില്ലെന്ന് വന്നവരോട് പറഞ്ഞതായി സോമസുന്ദരം പറഞ്ഞിരുന്നു. എഗ്രിമെന്റ് തന്റെ കൈയിലില്ലെന്നും അഥവാ ഉണ്ടെങ്കിൽ മാമിയറിയാതെ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും പറഞ്ഞു.

മാമി പരിചയമുള്ളയാളുടെ കൂടെയാണ് അവസാനമായി പോയതെന്നാണ് തന്റെ തോന്നലെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. കാണാതായതിന് ശേഷം മാമിയുടെ ഫോണിൽ നിന്ന് വന്ന എസ്.എം.എസ് സംബന്ധിച്ചും സോമസുന്ദരം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുടുംബം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് അന്വേഷണം കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!