പിറന്ന നാടിനേക്കാൾ കൂടുതൽ കാലം ബഹ്‌റൈനിൽ; കോഴിക്കോട് കുറ്റ്യാ‌‌ടി തൊട്ടിൽ പാലം സ്വദേശിക്ക് ഒടുവിൽ പ്രവാസലോകത്ത് തന്നെ അന്ത്യവിശ്രമം

newsdesk

മനാമ ∙ പിറന്ന നാടിനേക്കാൾ കൂടുതൽ കാലം ബഹ്‌റൈനിൽ ചെലവഴിച്ച കോഴിക്കോട് സ്വദേശിക്ക് ഒടുവിൽ പ്രവാസലോകത്ത് തന്നെ അന്ത്യവിശ്രമം. കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ നിര്യാതനായ കോഴിക്കോട് കുറ്റ്യാ‌‌ടി തൊട്ടിൽ പാലം സ്വദേശി ചന്ദ്രനെ (69)യാണ് ബഹ്‌റൈനിലെ അൽബ ശ്‌മശാനത്തിൽ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ സംസ്കരിച്ചത്.

40 വർഷത്തോളമായി ബഹ്‌റൈനിൽ പ്രവാസിയായ ചന്ദ്രൻ ഇൗ വർഷം ജൂലൈയിലാണ് ആദ്യമായി നാട്ടിൽ പോയത്. അതും സുഹൃത്തുക്കളുടെ നിർബന്ധത്താൽ. ചികിത്സയ്ക്കായി ചെന്ന ചന്ദ്രൻ വീണ്ടും ബഹ്റൈനിലേയ്ക്ക് മടങ്ങി വന്നു. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. തൻ്റെ 25–ാമമത്തെ വയസ്സ് മുതൽ ബെംഗ്ളുരുവിലായിരുന്ന ചന്ദ്രൻ അന്നത്തെ കാലത്ത് പ്രവാസികളായിട്ടുള്ള പലരെയും പോലെ മുംബൈ വഴിയാണ് ബഹ്‌റൈനിൽ എത്തിയത്. ബഹ്‌റൈനിൽ തന്റെ സ്പോൺസർക്കൊപ്പം പല ജോലികളും ചെയ്തു വരികയായിരുന്നു അദ്ദേഹം. നല്ല നിലയിൽ ജീവിച്ചിരുന്ന അവിവാഹിതനായ ചന്ദ്രന് നാട്ടിൽ രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത് . ബഹ്‌റൈനിൽ വന്നതിനു ശേഷം നാട്ടിൽ പോകാത്തതിന് പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് നാട്ടിൽ സ്വന്തം സ്‌ഥലം വാങ്ങിയിരുന്നതായും ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. പക്ഷേ പിന്നീട് ഒരിക്കലും നാട്ടിൽ പോകാൻ കൂട്ടാക്കിയില്ല.

അങ്ങനെയിരിക്കെയാണ് മൂന്ന് മാസം മുൻപ് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പോയത്. ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്‌ഥ ആയിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്കായി നാട്ടിലേയ്ക്ക് പോകാൻ സുഹൃത്തുക്കൾ നിർബന്ധിച്ചു. നാട്ടിലുള്ള ബന്ധുക്കളോട് ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവർ സാമ്പത്തികമായി നല്ല അവസ്‌ഥയിൽ അല്ലെന്നും ഈ ഒരു അവസ്‌ഥയിൽ നാട്ടിലേയ്ക്ക് വന്നാൽ ബുദ്ധിമുട്ടാകും എന്നും അറിയിച്ചപ്പോൾ ചികിത്സയ്ക്കും മറ്റുമുള്ള പണം സുഹൃത്തുക്കൾ അയക്കാം എന്ന് ഏറ്റതോടെ ചന്ദ്രനെ സ്വീകരിക്കാൻ ബന്ധുക്കൾ തയ്യാറായി. ചന്ദ്രന്റെ അമേരിക്കയിലുള്ള ഒരു സുഹൃത്തും സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. അതോടെ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ചന്ദ്രൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ സ്പോൺസറാണ് നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് നൽകിയത്. നാട്ടിൽ എത്തി സഹോദരന്മാരെയും സുഹൃത്തുക്കളേയും എല്ലാം കാണുകയും ചികിൽസ ലഭിക്കുകയും ചെയ്തതോടെ അസുഖം ഭേദപ്പെട്ടു. അതോടെ ചന്ദ്രൻ വീണ്ടും ബഹ്റൈനിലേയ്ക്ക് മടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന് നാട്ടിലേയ്ക്ക് അയക്കാൻ സുഹൃത്തുക്കൾ സ്വരൂപിച്ച തുകയ്ക്ക് വിമാനടിക്കറ്റ് എടുക്കുകയും ഇൗ മാസം 2 ന് അദ്ദേഹം വീണ്ടും ബഹ്റൈനിലേക്ക് മടങ്ങുകയും ചെയ്തു. സുഹൃത്തുക്കൾ പിരിച്ചെടുത്ത തുകയിൽ ബാക്കി വന്ന സംഖ്യ ചന്ദ്രൻ ബഹ്‌റൈനിൽ എത്തിയപ്പോൾ അദ്ദേഹത്തിന് കൈമാറിയിരുന്നു. അത് അദ്ദേഹം ബഹ്‌റൈനിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഇൗ മാസം 20 ന് വീണ്ടും രോഗബാധിതനാവുകയും മരണപ്പെടുകയുമായിരുന്നു. തുടർന്ന് നാട്ടിൽ സഹോദരനുമായി ബന്ധപ്പെട്ടപ്പോൾ മൃതദേഹം ബഹ്‌റൈനിൽ തന്നെ സംസ്കരിക്കുന്നതിനുള്ള അനുമതി പത്രം നൽകി. ഇന്ത്യൻ എംബസിയുടെയും ഐസിആർ എഫിന്റെയും സഹകരണത്തോടെ മൃതദേഹം അൽബ ശ്‌മശാനത്തിൽ ഹിന്ദു ആചാര പ്രകാരം സംസ്കരിക്കുകയായിരുന്നു.

error: Content is protected !!