Site icon CTV Online

പ്രമുഖ സംവിധായകൻ വിനു അന്തരിച്ചു; വിടവാങ്ങിയത് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരൻ

കോയമ്പത്തൂർ: മലയാള സിനിമാ സംവിധായകൻ വിനു(69) അന്തരിച്ചു. സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനു ആണ് അന്തരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്‌ക്ക് മാറ്റി സംവിധാനം ചെയ്തു. 2001ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംവിധായകൻ സുരേഷ് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ കോയമ്പത്തൂരിലേയ്‌ക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ടോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

Exit mobile version