newsdesk
തിരൂർ ∙ കാക്കടവ് ചാമ്പ്രക്കുളത്ത് പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതോടെ നാട്ടുകാർ ഭീതിയിലായി. ചാമ്പ്രക്കുളം പുത്തൂർ മന റോഡിലൂടെ ഓട്ടോറിക്ഷയിൽ പോയ യുവാക്കളാണ് നായയെ കടിച്ചെടുത്ത് പുലിയെന്നു തോന്നുന്ന ജീവി സമീപത്തെ റെയിൽപാളത്തിനോടു ചേർന്നുള്ള കുറ്റിക്കാട്ടിനുള്ളിലേക്ക് ഓടിക്കയറുന്നത് കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇവരിത് നാട്ടുകാരോടു പറഞ്ഞു. തുടർന്ന് എല്ലാവരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന തുടങ്ങി.
ഓട്ടോറിക്ഷ മാത്രം കടന്നുപോകുന്ന വഴിയാണിത്. പൂക്കയിൽ നിന്ന് ഇതുവഴി ഓട്ടോറിക്ഷയിൽ പോകുന്ന സമയത്ത് മഞ്ഞ നിറവും ദേഹത്ത് പുള്ളികളുമുള്ള വലിയ ജീവിയെത്തി വഴിയരികിൽ ഇരിക്കുകയായിരുന്ന നായയെ കടിച്ചെടുത്ത് ഓടുകയായിരുന്നെന്ന് താനാളൂർ മൂന്നാംമൂല സ്വദേശി പുതുക്കനാട്ടിൽ അനീഷ് പറഞ്ഞു.
കൂടെ വാഹിദ് എന്നയാളുമുണ്ടായിരുന്നു. പുലി ഓടിക്കയറിയതെന്നു കരുതുന്ന റെയിൽപാളത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനുണ്ടെന്ന് ഇവിടെ പരിശോധന നടത്തിയവരും പറഞ്ഞു. തിരൂർ പുഴയുടെ തീരമാണ് ഈ സ്ഥലം. കൂടാതെ സമീപത്തെല്ലാം കണ്ടൽക്കാടുകളും കുറ്റിക്കാടുകളുമുണ്ട്. ഇത് വലിയ ജീവികൾക്ക് ഒളിച്ചിരിക്കാനുള്ള അവസരം നൽകുന്നതാണെന്ന് നാട്ടുകാർ പറഞ്ഞു. നഗരസഭാ ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട്, അംഗങ്ങളായ പ്രസന്ന പയ്യാപ്പന്ത, ടി.അബൂബക്കർ എന്നിവരും സ്ഥലത്തെത്തി പരിശോധനയ്ക്കു നേതൃത്വം നൽകി.