newsdesk
ഒളമതിൽ (മഞ്ചേരി)∙ മൂന്നാറിലേക്ക് കുടുംബങ്ങളൊന്നിച്ച് നടത്തിയ പെരുന്നാൾ യാത്രയുടെ സന്തോഷം വഴിമാറിയത് തീരാസങ്കടത്തിന്റെ ദുരന്തവാർത്തയിലേക്ക്. മേൽമുറിയിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളും മകളും മരണത്തിലേക്ക് യാത്രയായത് ഉല്ലാസയാത്ര കഴിഞ്ഞെത്തി 4 മണിക്കൂറിനകം.
പെരുന്നാൾ പിറ്റേന്ന് രാത്രി സാജിദയുടെ നാടായ കുമ്മിണിപ്പറമ്പിൽനിന്ന് അവരുടെ ബന്ധുക്കൾക്കൊപ്പമാണ് കുടുംബം മൂന്നാറിലേക്കു പോയത്. ഇന്നലെ പരീക്ഷയുണ്ടായിരുന്നതിനാൽ മൂത്ത മകൾ ഫഹ്മിദ വല്യുമ്മയ്ക്കൊപ്പം ഒളമതിലിലെ വീട്ടിലായിരുന്നു. മറ്റു 3 മക്കളുമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും ഇവർ സഞ്ചരിച്ച വാൻ കേടായതിനെത്തുടർന്ന് യാത്ര ഏറെ വൈകി. പിന്നീട് മറ്റൊരു വാഹനത്തിൽ ഇന്നലെ രാവിലെ 8.30ന് ആണ് സംഘം തിരിച്ചെത്തിയതെന്ന് ബന്ധു കൂടിയായ ജില്ലാ പഞ്ചായത്തംഗം കെ.സലീന പറഞ്ഞു.
കുമ്മിണിപ്പറമ്പിലെ വീട്ടിൽനിന്ന് പ്രാതൽ കഴിച്ച ശേഷമാണ് സ്വന്തം ഓട്ടോയിൽ തന്നെ അഷ്റഫും കുടുംബവും മടങ്ങിയത്. ബന്ധുക്കളായ മറ്റു 2 കുട്ടികളെ മുസല്യാരങ്ങാടിയിലെ വീട്ടിലാക്കിയ ശേഷമാണ് ഒളമതിലിലെത്തിയത്. ഫിദയുടെ അഡ്മിഷൻ ശരിയാക്കേണ്ടിയിരുന്നതിനാലാണ് വേഗം തിരിച്ചുപോന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന മകൾ ഫൈഹയെയും യുകെജി വിദ്യാർഥിയായ മകൻ അഷ്ഫഖിനെയും വീട്ടിലാക്കി. തുടർന്ന് ഒളമതിലിലെ അക്ഷയ കേന്ദ്രത്തിൽനിന്ന് അലോട്മെന്റ് സ്ലിപ് പ്രിന്റെടുത്ത ശേഷമാണ് അഷ്റഫും സാജിദയും ഫിദയും മലപ്പുറത്തേക്കു തിരിച്ചത്. ഉല്ലാസയാത്രയുടെയും പ്ലസ് വൺ അഡ്മിഷൻ നേടിയതിന്റെയും സന്തോഷവുമായി തങ്ങളുടെ സ്വന്തം ഓട്ടോയിൽ നടത്തിയ ആ യാത്രയാണ് കണ്ണീരിലൊടുങ്ങിയത്.
മുറ്റത്ത് പന്തലുകെട്ടി വീടിനകത്തും പുറത്തും നിറയെ ആളുകൾ. അവരെ കാണാനായി വീടിനകത്തുനിന്ന് അഷ്ഫഖ് മുൻവാതിൽക്കലേക്ക് ഓടിവന്നു. കാലു പൊക്കി മുന്നോട്ടും പിന്നോട്ടും ആഞ്ഞു. പിന്നാലെ പെട്ടെന്ന് തിരിച്ചോടി വീണ്ടും കളികളിലേർപ്പെട്ടപ്പോൾ കണ്ടുനിൽക്കുന്നവരുടെയെല്ലാം ഉള്ളു പൊള്ളി.
ഒളമതിലിലെ അക്കരമ്മൽ വീട്ടിലെ ഇളയ മകനായ അഷ്ഫഖിനറിയുമായിരുന്നില്ല, രാവിലെ തന്നെ വീട്ടിലാക്കി പോയ പ്രിയപ്പെട്ട ഉപ്പയും ഉമ്മയും ഫിദ താത്തയും ഇനിയൊരിക്കലും തന്നെ കളിപ്പിക്കാനെത്തില്ലെന്ന്. നാലാം ക്ലാസുകാരി ഫൈഹയും എന്താണ് സംഭവിച്ചതെന്നറിയാതെ കുടുംബക്കാർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, അനിയത്തിയുടെ മരണവിവരം മാത്രമറിഞ്ഞ ഫഹ്മിദ അകത്തു തളർന്നുകിടക്കുകയായിരുന്നു. മോങ്ങം അൻവാറുൽ അറബിക് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ഫഹ്മിദ ഇന്നലെ ഉച്ചമുതൽ പരീക്ഷാഹാളിലായിരുന്നു. 4 വരെയായിരുന്നു പരീക്ഷ. വൈകിട്ട് മൂന്നിനാണ് 2 ബന്ധുക്കൾ ഫഹ്മിദയെ കൂട്ടാൻ കോളജിലെത്തിയത്. സഹോദരി അപകടത്തിൽപെട്ടെന്നു മാത്രം പറഞ്ഞാണ് പരീക്ഷാഹാളിൽ നിന്നു വീട്ടിലെത്തിച്ചത്.
∙ ഗൾഫിലായിരുന്ന അഷ്റഫ് 4 വർഷം മുൻപ് പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത് രോഗാവസ്ഥയിലായ പിതാവിന്റെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കും വേണ്ടി. പിതാവ് ഗുലാം മൊയ്തീൻ ഹാജി 2 വർഷം മുൻപാണ് മരിച്ചത്. നാട്ടിലെത്തിയ ശേഷം പ്ലമിങ്, വയറിങ് ജോലികളുമായി മുന്നോട്ടുപോകുകയായിരുന്നു. തറവാട് വീടിന് അടുത്തുതന്നെ കുറച്ചു വർഷം മുൻപ് അഷ്റഫ് പണിത പുതിയ വീട്ടിലായിരുന്നു താമസം. പിതാവ് മരിച്ച ശേഷം ഉമ്മ ഫാത്തിമക്കുട്ടിയും അഷ്റഫിനോടൊപ്പമാണ്. ജോലിക്കാവശ്യമായ സാമഗ്രികൾ കൊണ്ടുപോകുന്നതിനും കുടുംബത്തിന്റെ യാത്രകൾക്കും വേണ്ടിയാണ് അഷ്റഫ് സ്വകാര്യ ഓട്ടോ വാങ്ങിയത്.
പ്രവാസ ജീവിതം മതിയാക്കി 4 വർഷമായി നാട്ടിൽ ഇലക്ട്രിക്കൽ ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്. മറ്റു മക്കൾ: ഫഹ്മിദ, ഫൈഹ, അഷ്ഫഖ്. അഷ്റഫിന്റെ പിതാവ്: പരേതനായ ഗുലാം മൊയ്തീൻ ഹാജി. മാതാവ്: ഫാത്തിമക്കുട്ടി. കുട്ടി ഹസ്സനാണ് സാജിദയുടെ പിതാവ്. മാതാവ്: ആയിഷ.