
Web Desk
43 മണിക്കൂറിലേറെ മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സൈന്യത്തിന്റെ ദൗത്യം വിജയം. കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന്സു രക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു.ഇടയ്ക്ക് വിശ്രമിച്ചാണ് ബാബുവിനെ ഒപ്പമെത്തിയ സൈനികൻ മലകയറ്റിയത്. മലമുകളിലെത്തിച്ച ശേഷം തീരസംരക്ഷണസേനയുടെ ഹെലികോപ്റ്ററിൽ കഞ്ചിക്കോട് ഹെലിപ്പാഡിൽ ഇറക്കി ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നതും പരിഗണിക്കുന്നു. യുവാവിന്റെ ആരോഗ്യനിലയെപ്പറ്റി സേനയിൽനിന്ന് സന്ദേശം ലഭിച്ച ശേഷമായിരിക്കും ഏതു രീതിയിൽ എത്തിക്കണമെന്നതിൽ അന്തിമ തീരുമാനം.
വിലെ ഒൻപതരയോടെ സമീപമെത്തി ധൈര്യം പകർന്ന സൈനികന്റെ സഹായത്തോടെയാണ് ബാബു മലമുകളിലേക്ക് കയറാൻ തുടങ്ങിയത്. റോപ് അടക്കമുളള സുരക്ഷാ സംവിധാനങ്ങളോടെയാണ് സേനാംഗങ്ങൾ ബാബുവിനെ രക്ഷിക്കാനുളള ശ്രമത്തിൽ ഏർപ്പെട്ടത്.കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവുമുണ്ട്. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.സര്‍വേ വകുപ്പിന്റെ ഡ്രോണ്‍ സംഘവും രക്ഷാപ്രവർത്തനത്തിൽ സഹകരിച്ചു. ഇവര്‍ ദൃശ്യങ്ങള്‍ എടുത്ത് രക്ഷാ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് നല്‍കി. മലകയറ്റത്തില്‍ വിദഗ്ധരായ 20 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘവും മലമുകളില്‍ നിലയുറപ്പിച്ചിരുന്നു.
