newsdesk
തിരുവമ്പാടി: ജൂലായ് 25 മുതൽ 28 വരെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലുമായി നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ അനുബന്ധ മത്സരങ്ങൾക്ക് ഇന്ന് കോടഞ്ചേരിയിൽ തുടക്കമാവും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓഫ് റോഡ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പാണ് ഇന്നാരംഭിക്കുന്നത്.
വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് കോടഞ്ചേരി സ്‌കൂൾ ഗ്രൗണ്ടിൽ ഫ്ളാഗ് ഓഫ് ചെയ്യും. ഓഫ് റോഡ് ചാമ്പ്യൻഷിപ്പിന്റെ സമ്മാനദാനം നാളെ ലിന്റോ ജോസഫ് എം.എൽ.എയും 23 ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗും നിർവഹിക്കും.ഒരു മാസക്കാലം വിവിധ പഞ്ചായത്തുകളിലായാണ് അനുബന്ധ മത്സരങ്ങൾ നടക്കുക. നാളെ തിരുവമ്പാടിയിൽ ചൂണ്ടയിടൽ മത്സരം, 29 ന് കോടഞ്ചേരിയിൽ ഹോം സ്റ്റേ ടൂറിസത്തിൽ പരിശീലനം, 30 ന് തുഷാരഗിരിയിൽ മഴ നടത്തം, ജൂലായ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ കോടഞ്ചേരിയിൽ ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ്, ജൂലായ് 13 ന് ഓമശ്ശേരിയിൽ മഡ് ഫുട്‌ബോൾ, 14 ന് മുക്കത്ത് കബഡി, 20ന് പുതുപ്പാടിയിൽ വടംവലി, 21, 22, 23 തീയതികളിൽ കോടഞ്ചേരിയിൽ മലകയറ്റ പരിശീലനം, ജൂലായ് 21ന് തിരുവമ്പാടിയിൽ നീന്തൽ മത്സരം, കോഴിക്കോട്, കൽപ്പറ്റ, അരീക്കോട് എന്നിവിടങ്ങളിൽ നിന്ന് കോടഞ്ചേരി പുലിക്കയത്തേക്ക് സൈക്കിൾ റാലി, കൂടരഞ്ഞിയിൽ ഓഫ് റോഡ് ജീപ്പ് സഫാരി, കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് തുടങ്ങിയവയും റിവർ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.