Site icon CTV Online

ധനുഷിനും മദ്രാസ് ഹൈക്കോടതിയുടെ വിമർശനം; ‘നടന്മാർ ജനങ്ങൾക്ക് മാതൃകയാവണം’

Web Desk

നടൻ വിജയ്ക്ക് പിന്നാലെ ആഡംബര കാറിന് നികുതിയിളവ് ചോദിച്ചെത്തിയ ധനുഷിനും മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പണമുള്ളവർ നികുതി ഇളവ് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. നടന്മാർ ജനങ്ങൾക്ക് മാതൃകയാവണം. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്.പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നു. താരങ്ങൾ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ ചോദിച്ചു.

പ്രവേശന നികുതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധി, സുപ്രിംകോടതി റദ്ദാക്കിയ സമയത്ത് തന്നെ ധനുഷ് നികുതി അടയ്ക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നികുതി പൂര്‍ണമായി അടയ്ക്കാമെന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ധനുഷ് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. ജോലി സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചത് എന്തിന് വേണ്ടിയാണെന്ന് നാളെ അറിയിക്കണമെന്നും കോടതി ധനുഷിന് നിർദ്ദേശം നൽകി. 2015ലാണ് ധനുഷ് നികുതി ഇളവ് ആവശ്യപ്പെട്ട് ഹർജി നൽകിയത്.സമാനമായ കേസിൽ അതിരൂക്ഷമായ വിമർശനമായിരുന്നു നടൻ വിജയ്ക്ക് നേരെയും കോടതി ഉന്നയിച്ചിരുന്നത്. നികുതി അടയ്ക്കാത്തത് ദേശവിരുദ്ധപ്രവർത്തനമാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം ആകാശത്ത് നിന്ന് വരുന്നതല്ല. സാധാരണക്കാരന്റെ അധ്വാനത്തിന്റെ പങ്കാണ്. അതുകൊണ്ട് തന്നെ നികുതിയടച്ച് താരങ്ങൾ ജനങ്ങൾക്ക് മാതൃകയാവണമന്നും കോടതി പറഞ്ഞു.

Exit mobile version