
WebDesk
അട്ടപ്പാടി മധുവധക്കേസിലെ 16 പ്രതികളില്‍ 14 പേര്‍ പ്രതികളാണെന്ന് കണ്ടെത്തിയ കോടതി രണ്ട് പ്രതികളെ വെറുതെ വിട്ടു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ആളാണ് കേസിലെ നാലാം പ്രതിയായ അനീഷെന്നും മധുവിനെ മര്‍ദിക്കുന്ന വിഡിയോ എടുത്തത് ഇയാളാണെന്നുമുള്ള വാദമാണ് ഉണ്ടായിരുന്നത്.മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചയാളാണ് പതിനൊന്നാം പ്രതി അബ്ദുള്‍ കരീം. ഇയാള്‍ മര്‍ദനത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് കണ്ടെത്തിയാണ് ഈ രണ്ട് പ്രതികളേയും കോടതി വെറുതെ വിട്ടിരിക്കുന്നത്. കേസിലെ 16-ാം പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിയ്ക്കാവുന്ന വകുപ്പുകളാണ്. പതിനാറാം പ്രതി മുനീറിന് കോടതിയില്‍ 500 രൂപ അടച്ച് മുക്തനാകാം. ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് 352 വകുപ്പ് മാത്രമാണ്.
ഇതില്‍ രണ്ട് പേരെ കോടതി മാറ്റി നിര്‍ത്തി. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
എല്ലാ പ്രതികള്‍ക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. ഹുസൈന്റെ കടയില്‍ നിന്ന് മധു സാധനങ്ങള്‍ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.
