ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി; ഭീകരരാഷ്ട്രമെന്ന് പറയാൻ കഴിയുന്നില്ലെന്ന് സ്വരാജ്

newsdesk

കോഴിക്കോട് മുസ്ലീം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുകയാണെന്ന് എം. സ്വരാജ്. ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല.

ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍ നിന്നും തരൂരും പലസ്തീനെ അക്രമിക്കുകയാണെന്ന് സ്വരാജ് പറഞ്ഞു.വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബര്‍ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ലെന്നും എം സ്വരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു.

എം സ്വരാജിന്റെ കുറിപ്പ്:

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവില്‍ ഡോ.ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ‘ഭീകരവാദികളുടെ അക്രമ’ണമാണെന്ന് ഡോ.ശശി തരൂര്‍ ഉറപ്പിക്കുന്നു.ഒപ്പം ഇസ്രായേലിന്റേത് ‘മറുപടി’യും ആണത്രെ ..വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബര്‍ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയില്‍ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോള്‍ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോല്‍പിച്ച ആഹ്ലാദത്തിലാണ്.’

error: Content is protected !!