Site icon CTV Online

ഒന്നരവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ ചേച്ചിയുടെ ഭര്‍ത്താവിനൊപ്പം നാടു വിട്ടു; ഇരുവരും പിടിയിൽ

News Desk

ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. ഐശ്വര്യ (28), ഇവരുടെ ജ്യേഷ്ഠസഹോദരീ ഭര്‍ത്താവ് സഞ്ജിത് (36) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

മാടന്‍നടക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍ നിന്നും ഇക്കഴിഞ്ഞ 22-ാം തീയതിയാണ് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലെത്തിയ ഐശ്വര്യ അവിടെ നിന്നും സഹോദരി ഭര്‍ത്താവായ സന്‍ജിത്തിനൊപ്പം പോയത്. തുടര്‍ന്ന്, ഐശ്വര്യയുടെ ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വെസ്റ്റ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പേരു മാറ്റി ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി രാത്രിയില്‍ റെയില്‍വെ പൊലീസില്‍ നിന്നും വെസ്റ്റ് പൊലീസിന് വിവരം ലഭിക്കുകയും റെയില്‍വെ പൊലീസില്‍ നിന്നും ലഭിച്ച ഫോട്ടോ കണ്ട് ഇവരെ തിരിച്ചറിഞ്ഞ ശേഷം കൊല്ലം എ.സി.പി.റ്റി.ബി.വിജയന്റെ നിര്‍ദ്ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്ത് ഇരവിപുരം പൊലീസിന് കൈമാറുകയുമായിരുന്നു.

കുട്ടികളെ ഉപേക്ഷിച്ച്‌ കടന്നതിനാണ് ഇവര്‍ക്കെതിരെ കേസേടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സന്‍ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാന്റ് ചെയ്തു.

Exit mobile version