Site icon CTV Online

ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണം; ഷാഹിദാ കമാലിന് ലോകായുക്ത നിര്‍ദേശം

Web Desk

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനകം ഷാഹിദ കമാല്‍ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. വട്ടപ്പാറ സ്വദേശി അഖില ഖാന്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. ഷാഹിദ കമാലിന്റെ സര്‍വകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് ആരോപണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാല്‍ തനിക്ക് ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരി പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ പൊലീസിനെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു. ഷാഹിദ കമാലിന് സര്‍വകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സര്‍വകലാശാലയില്‍ നിന്നു രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ ഡോ. ഷാഹിദ കമാല്‍ എന്നാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.

Exit mobile version