
Local News
ദിവസേന നിരവധി പേർ യാത്ര ചെയ്യുന്ന റോഡിലെ മാലിന്യ നിക്ഷേപം ദുരിതമാവുന്നു. കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഗേറ്റുംപടി – തൊണ്ടിമ്മൽ റോഡിലാണ് രാത്രിയുടെ മറവിൽ വൻതോതിൽ മാലിന്യം തള്ളുന്നത്. ഈ ഭാഗത്ത് റോഡിൻ്റെ വശങ്ങൾ കാട് പിടിച്ചു കിടക്കുന്ന അവസ്ഥയാണ് കുറേ നാളായിട്ട്. ഈ കുറ്റിക്കാടുകൾക്കിടയിലാണ് മത്സ്യ മാംസക്കടകളിലേയും മറ്റു കടകളിലേയും വീടുകളിലേയും ഉൾപ്പെടെ മാലിന്യങ്ങൾ ചാക്കുകളിലാക്കി കൊണ്ട് തള്ളുന്നത്. നിശ്ചിത ദൂരത്താണ് വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത്. കാരശ്ശേരി – തിരുവമ്പാടി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശം കൂടിയായതിനാൽ ഇരുപഞ്ചായത്തുകളും തിരിഞ്ഞു നോക്കുന്നില്ലന്നും നാട്ടുകാർ പറയുന്നു.
പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതായും നാട്ടുകാർ പറയുന്നു. നേരത്തെ മനുഷ്യൻ്റെ കൈകാലുകളും തലയുമില്ലാത്ത മൃതദേഹവശിഷ്ടങ്ങൾ നിക്ഷേപിച്ചതും ഈ പ്രദേശത്തായിരുന്നു. കാടുകൾ വെട്ടി തെളിച്ച് മാലിന്യ നിക്ഷേപത്തിനും സാമൂഹ്യ വിരുദ്ധശല്യത്തിനും എത്രയും പെട്ടന്ന് അറുതി വരുത്തണമെന്നും നാട്ടുകാർ പറയുന്നു.മഴക്കാലത്ത് മാലിന്യങ്ങൾ ചീഞ്ഞ് അഴുകുന്നതിനാൽ പ്രദേശത്ത് പകർച്ച വ്യാധി ഭീഷണിയും നിലനിൽക്കുന്നുണ്ട്.
