Site icon CTV Online

വേറിട്ട ഉത്‌ഘാടനം ; വേറിട്ട എം എൽ എ ; കുട്ടികൾ വിളിച്ചു, അവരുടെ MLA വന്നു

മുക്കം : വേനലവധി എത്തിയാൽ നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ് , പലഭാഗത്തായി കുട്ടികളുടെ കുഞ്ഞു കുഞ്ഞു പെട്ടിക്കടകൾ ,അത്തരത്തിൽ ഒരു സംരംഭവും ഉൽഘാടനവുമായി ശ്രദ്ധ നേടിയിരിക്കുകയാണ് ഓമശ്ശേരി ,കല്ലുരുട്ടിയിലെ ഒരു പറ്റം കുരുന്നുകൾ .സംഭവം ഇതാണ്

കല്ലുരുട്ടിയിലെ കുട്ടികൾ ചേർന്നൊരു “തട്ടുകട” തുടങ്ങാൻ പ്ലാനിട്ടു. പട്ടികയും, സാരിയും, പുതപ്പും ഒക്കെ ഉപയോഗിച്ച് പണിയൊക്കെ പെട്ടന്നു തീർത്തു. മിഠായികളും, പലഹാരങ്ങളും ഒക്കെ വാങ്ങി.
ഉദ്ഘാടനം അത്യാവശ്യം അടിപൊളിയായി നടത്തിയാൽ മാത്രമല്ലെ നാലാള് അറിയൂ.കച്ചവടം കിട്ടൂ.
ആര് ഉദ്ഘാടനം ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ്,
“ഏറ്റവും എളുപ്പത്തിൽ” കിട്ടാവുന്ന ഒരു സെലിബ്രിറ്റി ഉണ്ടല്ലോ നമുക്ക് എന്ന് ഓർമ്മ വന്നത്.
പിന്നെ ഒന്നും നോക്കിയില്ല. വായനശാലക്കാരും മക്കളും ഇരുന്ന് MLA യെ ഒരു വിളി.

“ലിന്റോ ചേട്ടായിയെ ഞങ്ങൾ ഒരു പുതിയ കട തുടങ്ങീണ്ട്, ഉദ്ഘാടനം ചെയ്യാൻ നിങ്ങൾ ഒന്ന് വരോ?”

“ഇപ്പൊ ഞാൻ തിരുവനന്തപുരത്താണ്.മറ്റന്നാൾ ഞാൻ എത്തും രാവിലെ തന്നെ ഉദ്ഘാടനവും ചെയ്ത് തരും. പോരെ?” മറുതലക്കൽ നിന്നും ലിന്റോ ജോസഫ് എം എൽ എ യുടെ മറുപടിയും കിട്ടി .

കുട്ടികൾ അവരുടെ സംരംഭം ഡെക്കറേറ്റ് ചെയ്തു. രാവിലെ ചുറ്റുവട്ടത്തുള്ള വീടൊക്കെ കയറി ആളുകളെ ഉദ്ഘാടനത്തിനു ക്ഷണിച്ചു.

“ലിന്റോ ചേട്ടായി വരും” ക്ഷണിക്കുന്നരോടുള്ള ഡയലോഗിൽ അതാണ്‌ മെയിൻ പോയിന്റ്.

പറഞ്ഞ പോലെ രാവിലെ എം എൽ എ എത്തി .എല്ലാവരും ചേർന്ന് സ്വീകരിച്ചു. മധുരമുള്ള ഒരു ചിരി ചേർത്ത് അങ്ങനെ കട ഉദ്ഘാടനവും ചെയ്തു.

എക്കാലത്തേക്കും ഓർത്തിരിക്കാനും , അവധിയൊക്കെ കഴിഞ്ഞു സ്കൂളിൽ പോവുമ്പോ ഗമയോടെ പറയാനും, നാട്ടിൽ MLA യുടെ സ്വന്തം ആളുകളാവാനും അവർക്കൊരു മുഹൂർത്തം സമ്മാനിച്ച്, ആദ്യ വിൽപ്പനയും നടത്തി MLA മടങ്ങി.

ഫോണിലേക്കും, ഗെയിമുകളിലേക്കും, സോഷ്യൽ മീഡിയയിലേക്കും ചുരുങ്ങി ചെറുതാവുമായിരുന്ന മക്കൾ, ആരുടേയും നിദ്ദേശമില്ലാതെ, ഉപദേശങ്ങൾ ഇല്ലാതെ മനുഷ്യരുടെ ഇടയിൽ നിൽക്കാൻ തീരുമാനിച്ചപ്പോൾ, വേനൽഅവധിയിലെ പുതിയ സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, കൂടെ നിന്നു കൊടുത്ത MLA ക്ക് ഒരുപാട് നന്ദി പറയുകയാണ് രക്ഷിതാക്കളും നാട്ടുകാരും .

Exit mobile version