
newsdesk
മുക്കം∙ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായ്പ്പാറ, പീച്ചാംപൊയിൽ, തേക്കുംകുറ്റി, താഴെ വല്ലത്തായ്പ്പാറ, മുണ്ടിതോട് ഭാഗങ്ങളിൽ ഒട്ടേറെ പേർ പുലിയെ കണ്ടെതായുള്ള വാർത്ത പരന്നതോടെ നാട്ടുകാർ ഭീതിയിൽ. ഡിഎഫ്ഒ യു.ആഷിഖ് അലിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.പത്ത് ദിവസത്തിലേറെയായി നാട്ടുകാർ പുലിയെ ഭയന്ന് കഴിയുകയാണ്. വല്ലത്തായ്പ്പാറയിലാണ് ആദ്യമായി പുലിയെ കണ്ടതായി പറയുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കാട്ടുപൂച്ചയാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ ഒട്ടേറെ പേർ പുലിയുടെ സാദൃശ്യമുള്ള ജീവിയെ കാണുകയും പുലിയാണെന്ന് ഉറപ്പിക്കുകയും ചെയ്തതോടെയാണ് ജനം ഭീതിയിലായത്. പഞ്ചായത്തിലെ പാറത്തോട് പുത്തരിപ്പൊയിലിലും പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടു. വളർത്തു നായയെ ജീവി കടിച്ചു കൊണ്ടുപോയി.
കഴിഞ്ഞ ദിവസങ്ങളിലും പുലിയെ ടാപ്പിങ് തൊഴിലാളികളും മറ്റും പുലർച്ചെ കണ്ടതായി പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതികൾ വിലയിരുത്തി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രണ്ടിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.ഇന്നലെ വൈകുന്നേരത്തോടെ മുണ്ടിത്തോട് ഭാഗത്ത് കളിക്കുകയായിരുന്ന കുട്ടികൾ പുലിയെ കണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകരയുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ആസിഫ് മോബി ഹോമിന്റെ നേതൃത്വത്തിൽ ഡ്രോൺ പരിശോധനയും നടത്തി.
ഇന്നലെയും പുലിയെ കണ്ടെത്തിയതായി പറഞ്ഞതോടെയാണ് ഡിഎഫ്ഒ യു.ആഷിഖ് അലിയുടെയും പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്റെയും നേതൃത്വത്തിൽ യോഗം ചേർന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ നിർദേശ പ്രകാരം കർശന നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. കൂടുതൽ കൂടുകൾ സ്ഥാപിക്കും. കൂടുതൽ കാടുള്ള പ്രദേശങ്ങൾ വെട്ടി തെളിക്കാനും തീരുമാനമായി. ആവശ്യമെങ്കിൽ പഞ്ചായത്തിന്റെ ശിശുമന്ദിരത്തിൽ ക്യാംപ് ആരംഭിക്കും.പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സുരേഷ്, വനം വകുപ്പ് റേഞ്ച് ഓഫിസർ പി.വിമൽ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഷജീവ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സുബീർ, ഡോ.അരുൺ സത്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജിത സുരേഷ്, ശാന്താ ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, പഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത്, കെ.ശിവദാസൻ, കെ.കെ.നൗഷാദ്, കെ.പി.ഷാജി, റുഖിയ റഹീം പ്രസംഗിച്ചു.
