ഡ്യൂട്ടിക്കിടെ ജീവനൊടുക്കിയ കുറ്റ്യാടി സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ സുധീഷിന്റെ മൊബൈല്‍ഫോണ്‍ തേടി പുഴയില്‍ തിരച്ചില്‍ നടത്തി ;സുധീഷ് റിവര്‍ റോഡിനു സമീപമുള്ള മുക്കണ്ണന്‍കുഴിയില്‍ എത്തുകയും ശേഷം മൊബൈല്‍ഫോണ്‍ പുഴയിലേക്ക് ഇടുന്നതായും സമീപമുള്ള ജല അതോറിറ്റിയുടെ പമ്പ് ഹൗസില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞതായി കണ്ടെത്തിയിരുന്നു

newsdesk

എം.പി സുധീഷ് ആത്മഹത്യചെയ്ത സംഭവത്തില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തി. അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീമാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്ന സമയത്താണ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നത്.

അന്വേഷണത്തില്‍ ആത്മഹത്യ ചെയ്യുന്നതിനുമുമ്പായി സുധീഷ് റിവര്‍ റോഡിനു സമീപമുള്ള മുക്കണ്ണന്‍കുഴിയില്‍ എത്തുകയും ശേഷം മൊബൈല്‍ഫോണ്‍ പുഴയിലേക്ക് ഇടുന്നതായും സമീപമുള്ള ജല അതോറിറ്റിയുടെ പമ്പ് ഹൗസില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നാദാപുരം, പേരാമ്പ്ര, മീഞ്ചന്ത യൂണിറ്റുകളില്‍നിന്ന് എട്ടംഗസംഘം തിങ്കളാഴ്ച രാവിലെ പത്തരയോടെ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

പതിനൊന്നുമണിമുതല്‍ രണ്ടരവരെ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. അടിഭാഗം ചെളിനിറഞ്ഞതിനാല്‍ ഫോണ്‍ ചെളിയില്‍ പൂണ്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് തിരച്ചില്‍ നടത്തിയ സംഘം പറഞ്ഞു. വെള്ളത്തിനടിയിലെ മരക്കുറ്റികളും ഫോണ്‍ കണ്ടെത്തുന്നതിനു തടസ്സമായി.

അഗ്നിരക്ഷാസേനാ പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷ് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിഹാബ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബബീഷ്, സത്യനാഥ്, വൈഷ്ണവ്, അഖില്‍, അജികുമാര്‍, പി.വി. മനോജ് എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്.

error: Content is protected !!
%d bloggers like this: