Site icon CTV Online

കെ എസ് ഇ ബി ബോർഡ് വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു; എം ജി സുരേഷ് കുമാറിന് പിഴ

Web Desk

കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ നോട്ടിസ്. എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെ എസ് ഇ ബി ബോർഡ് വാഹനം ഉപയോഗിച്ചതിനാണ് പിഴ . 6,72,560 രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് കെ എസ് ഇ ബി ചെയർമാൻ നോട്ടിസ് അയച്ചിരിക്കുന്നത്. പ്രതികാര നടപടി ഉണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പിന് പിന്നാലെയാണ് പിഴ നോട്ടിസ്.
ഇതിനിടെ കെ എസ് ഇ ബി ചെയർമാന്റെ നോട്ടിസിന് പ്രതികരണവുമായി കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാർ രംഗത്തെത്തി.
പിഴ ഈടാക്കിയ കെ എസ് ഇ ബി ചെയർമാന്റെ നടപടി പ്രശ്‌ന പരിഹാര ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. നോട്ടിസ് ഇതുവരെ തനിക്ക് കിട്ടിയില്ലെന്ന് എം ജി സുരേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. വ്യക്തിഹത്യ നടത്താനാണ് കെ എസ് ഇ ബി ചെയർമാന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ വൈദ്യുതി ബോര്‍ഡിലെ തര്‍ക്കം പരിഹരിക്കാനായി വൈദ്യുതി മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായില്ല. സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതില്‍ കാലതാമസമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

Exit mobile version