വര്‍ക്ക് ചെയ്യാത്ത മീറ്റര്‍ നോക്കി 3000 രൂപയുടെ ബില്‍; ബിപിഎല്‍ കുടുംബത്തിന് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി

കൊല്ലം: ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് ബിപിഎല്‍ കുടുംബത്തിന് കെ.എസ്.ഇ.ബിയുടെ വക ഇരുട്ടടി. പത്തനാപുരം പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ കൈതവേലിൽ വീട്ടിൽ ഓമന എന്ന വീട്ടമ്മയ്ക്കാണ് ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് 3000 ത്തോളം രൂപ വൈദ്യുത ബിൽ വന്നിരിക്കുന്നത്. ചോർന്ന് ഒലിച്ച് തകർന്ന് വീഴാവുന്ന വീട്ടിലായിരുന്നു ഇവർ താമസിച്ച് വന്നത് ഭർത്താവും മകളും രോഗികളാണ്.

ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചപ്പോൾ പഴയ വീട് പൊളിച്ചപ്പോൾ കഴിഞ്ഞ 6 മാസമായി താല്കാലിക ഷെഡ്ഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. പഴയ വീട് പൊളിച്ചപ്പോൾ വൈദ്യുതി വിച്ഛേദിച്ചതാണ്. താല്കാലിക ഷെഡ്ഡിൽ മെഴുകുതിരി വെളിച്ചത്തിലാണ് കുടുംബം കഴിയുന്നത്. കണക്ഷൻ ഇല്ലാത്ത മീറ്ററിൽ നോക്കിയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഇവര്‍ക്ക് ബില്ല് നല്‍കിയതെന്നാണ് പരാതി. ഇവരുടെ പുതിയ വീട് നിർമ്മാണത്തിന് കോൺക്രീറ്റ് ജോലിക്കും മറ്റും ജനറേറ്റർ 2000 രൂപ ദിവസ വാടക നല്കിയാണ് ഉപയോഗിക്കുന്നത്.

വൈദ്യുതിയ്ക്ക് പുതിയ കണക്ഷൻ ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയപ്പോൾ 8000 രൂപ പോസ്റ്റ് സ്ഥാപിച്ചാൽ മാത്രമേ കണക്ഷൻ നല്‍കുകയുള്ളൂ എന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞതായും ഇവർ പറയുന്നു. ഇവരുടെ വീടിനോട് ചേർന്ന് വൈദ്യുതി പോസ്റ്റും ലൈനും പോകുന്നുണ്ട്. പ്രദേശത്ത് തന്നെ പല വീട്ടുകാർക്കും റോഡിലെ പോസ്റ്റിൽ നിന്നും വീടുമായി ദൂരമുണ്ടായിട്ടും പോസ്റ്റില്ലാതെ വൈദ്യുതി കണക്ഷൻ നല്കിയിട്ടുണ്ട്. വീട്ടുവേലയെടുത്താണ് രോഗിയായ ഭർത്താവും മകളുമടങ്ങുന്ന 4 അംഗ കുടുംബം കഴിയുന്നത്. ബിപിഎല്‍ കൂടുംബത്തിന് സൗജന്യമായി വൈദ്യതി കണക്ഷനും ആവശ്യമായാൽ പോസ്റ്റും നല്കണമെന്നിരിക്കയാണ് ഈ നിർദ്ധന കുടുംബത്തോട് പട്ടാഴി വൈദ്യുതി സെക്ഷന്‍റെ ഇരുട്ടടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d