Site icon CTV Online

കൃഷിഭവനുകള്‍ സ്മാര്‍ട്ടാകുന്നതിനൊപ്പം സേവനങ്ങളും സ്മാര്‍ട്ടാകണം -മന്ത്രി പി പ്രസാദ്

മാവൂർ : കര്‍ഷകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷിഭവനുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മാവൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവനായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത കര്‍ഷകരും കൃഷി പഠിച്ചവരും ഒന്നിക്കുമ്പോഴാണ് കാര്‍ഷിക മേഖല കൂടുതല്‍ വികസിക്കുക. സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാലോചിത മാറ്റങ്ങളുടെ ഉദാഹരണമാണ് സ്മാര്‍ട്ട് കൃഷിഭവനുകളെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മുഖേന അനുവദിച്ച 27.5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് നല്‍കിയ 8 ലക്ഷം രൂപയും വിനിയോഗിച്ചാണ് കൃഷിഭവന്റെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്. കര്‍ഷകരുടെ ഫീല്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആധുനിക സൗകര്യങ്ങളോടെയുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കൃഷിഭവനില്‍ ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാഖ്, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version