newsdesk
കോഴിക്കോട്∙ ചുരം കടക്കാനുള്ള കോഴിക്കോട് – വയനാട് തുരങ്കപാത നിർമാണത്തിനുള്ള ടെൻഡറുകൾ 5ന് തുറക്കും. പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച് ഇരുപത്തിയഞ്ചോളം വൻകിട നിർമാണ കമ്പനികൾ പ്രദേശം പരിശോധിച്ചിട്ടുണ്ട്. ഇതിൽ എത്ര പേർ ടെൻഡർ നൽകി എന്നും നാളെ അറിയാം. ട്രഷറി നിയന്ത്രണങ്ങളിൽ തട്ടി നഷ്ടപരിഹാരം വൈകിയ പ്രശ്നങ്ങൾ പരിഹരിക്കുകയും 4 കേസുകളിൽ രണ്ട് എണ്ണം പരിഹാരത്തിന്റെ വക്കിലെത്തിയതും പദ്ധതിക്ക് ആശാവഹമായ പുരോഗതിയാണ് നൽകുന്നതെന്ന് കൊങ്കൺ റെയിൽവെ അധികൃതർ വ്യക്തമാക്കി.
1643.33 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാത നിർമാണത്തിനായി രണ്ടു പാക്കേജുകളായുള്ള ടെൻഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. സമീപ റോഡും രണ്ടു പാലങ്ങളും ഉൾപ്പെടുന്ന ഒരു പാക്കേജും ഇരട്ട തുരങ്കപാത മാത്രമായി മറ്റൊന്നും. ഒരേ കമ്പനിക്കു തന്നെ രണ്ടു ടെൻഡറുകളും ലഭിച്ചാൽ നിർമാണച്ചെലവ് ഏറെ കുറയാനും സാധ്യതയുണ്ട്.
കോഴിക്കോട് ജില്ലയിൽ 45 സർവേ നമ്പറുകളിൽ ഉള്ള ഭൂമി ഏറ്റെടുക്കാൻ 40 കോടിയും വയനാട്ടിൽ 15 കോടിയുമാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്ടെ 14 പേർക്കുള്ള തുക അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞു. ശേഷിച്ച നപടികൾ തിരഞ്ഞെടുപ്പു തിരക്കുകൾക്കു ശേഷം പൂർത്തിയാക്കും.
വയനാട്ടിലെ ഭൂ ഉടമകളുമായുള്ള ചർച്ചയും നഷ്ടപരിഹാര പാക്കേജ് തീരുമാനവും പൂർത്തിയായിക്കഴിഞ്ഞു. തഹസീൽദാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെ 26നു ശേഷം നടപടികൾ പുനരാരംഭിക്കും.
കോഴിക്കോട്ടെ നാല് ഭൂവുടമകൾ ഇതിനിടെ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ അവകാശത്തിലുള്ള ഭൂമി പൂർണമായും ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഇതിൽ രണ്ടു പേർ നഷ്ടപരിഹാരം സ്വീകരിക്കാൻ സമ്മതം അറിയിച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. മറ്റുള്ളവരുമായും ചർച്ചകൾ തുടരും.
ഈ കേസിന്റെ നില എന്തായാലും പദ്ധതി തുടങ്ങുന്നതിന് തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. മല തുരക്കുന്നതിന്റെ അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. കോഴിക്കോട് ഭാഗത്ത് ഇതിനു വേണ്ടിയുള്ള പകുതിയോളം ഭൂമി ലഭ്യമായിക്കഴിഞ്ഞു. വയനാട്ടിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല.