
NEWSDESK
മാവൂർ ∙ സർക്കാർ കനിഞ്ഞില്ല, ജൈവ വൈവിധ്യങ്ങൾ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ മാവൂരിലെ ഹെക്ടർ കണക്കിനു നീർത്തടങ്ങൾ മാലിന്യം നിറഞ്ഞ് നശിക്കുന്നു. ഇവിടെ 2 പദ്ധതികൾ നടപ്പാക്കുന്നതിനു വേണ്ടി മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു സമർപ്പിച്ചിട്ടു വർഷങ്ങളായെങ്കിലും ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടായില്ല.
കൽപള്ളിക്കും പള്ളിയോളിനും ഇടയ്ക്കുള്ള നീർത്തട പ്രദേശം കമ്യൂണിറ്റി റിസർവായി പ്രഖ്യാപിക്കുന്നതിനും ഇക്കോ ടൂറിസം പദ്ധതിയും സാധ്യമായ സ്ഥലങ്ങളിൽ കൃഷിയും നടപ്പാക്കുന്നതിനു വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെത്തി വിശദമായ പഠനം നടത്തിയിരുന്നു.
പിന്നീട് സ്വകാര്യ പങ്കാളിത്തത്തോടെ നൂറുകോടി ചെലവിൽ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനു സാറ്റലൈറ്റ് സർവേ നടത്തി ഓരോ സ്ഥലങ്ങളിലും യോജ്യമായ പദ്ധതികൾ കണ്ടെത്തി നടപ്പാക്കാനുള്ള ശ്രമവും നടത്തി. ഇവയുടെ മാസ്റ്റർ പ്ലാനുകൾ മന്ത്രി പി.എ.മുഹമ്മദ് റിയാസിനു സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. നീർത്തടത്തിലെ കണ്ടൽ ചെടികൾ നിറഞ്ഞ പ്രദേശങ്ങൾ നിലവിൽ ദേശാടന പക്ഷികളുടെ ആവാസ മേഖലയാണ്.
ഇന്ത്യയിൽ തന്നെ അപൂർവമായി ദേശാടനം നടത്തുന്ന പക്ഷികൾ അടക്കം ആയിരക്കണക്കിനു ദേശാടനക്കിളികൾ ഓരോ വർഷവും ഇവിടെ എത്തുന്നതായി മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ദേശാടന പക്ഷികളെയും ജൈവവൈവിധ്യത്തെയും കുറിച്ചു പഠിക്കുന്നതിനും പക്ഷി നിരീക്ഷണ ടവറുകൾ സ്ഥാപിക്കുന്നതിനും സാധ്യമായ സ്ഥലങ്ങളും കണ്ടെത്തിയിരുന്നു. പ്രഭാത സവാരിക്കും സായാഹ്നങ്ങൾ ആസ്വദിക്കുന്നതിനൊപ്പം ജൈവവൈവിധ്യ പഠനങ്ങൾക്കും ഒട്ടേറെ പേരാണ് ദിനം പ്രതി ഇവിടെയെത്തുന്നത്.
2000ൽ ചാലിയാറിനു കുറുകെ ഊർക്കടവ് റഗുലേറ്റർ ബ്രിജ് സ്ഥാപിച്ചതോടെയാണ് ഇവിടത്തെ കൃഷിയിടങ്ങൾ നീർത്തടങ്ങളായി മാറിയത്. സർക്കാർ അനുകൂല നടപടി സ്വീകരിച്ചാൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം മേഖലയാക്കി ഇതിനെ മാറ്റാനാകും.
