
newsdesk
കോഴിക്കോട്∙ താമരശ്ശേരി അമ്പായത്തോട് ഫ്രഷ് കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ്, ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുമായി ചർച്ച ചെയ്ത് ശേഷം മാത്രം തുറന്നു പ്രവർത്തിപ്പിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു. പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊതുജനങ്ങളുടെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനുള്ള നടപടികൾ തീരുമാനിച്ച് സർവകക്ഷി പ്രതിനിധികളെ അറിയിക്കുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.
സംഘർഷത്തിലെ യഥാർഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കാനും അനാവശ്യ പരിശോധനകളും ഇടപെടലുകളും ഒഴിവാക്കാനും തീരുമാനിച്ചു. തുടർ നടപടികളിൽ പൊലീസുമായി ചർച്ച നടത്തും. ദുർഗന്ധത്തിനു കാരണം കണ്ടെത്താൻ എല്ലാ മാർഗങ്ങളും സ്വീകരിക്കും. ഡിഎൽഎഫ്എംസിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ തുടർപരിശോധനകൾ നടത്താനും തീരുമാനിച്ചു. എന്തു നിയമലംഘനം കണ്ടെത്തിയാലും പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കുമെന്നും കലക്ടർ ഉറപ്പുനൽകി.
എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണു മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്ക് പ്രവർത്തനാനുമതി നൽകിയതെന്നു കലക്ടർ യോഗത്തിൽ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഡിഎൽഎഫ്എംസിയുടെയും അനുമതിയോടെയാണു സ്ഥാപനം പ്രവർത്തിക്കുന്നത്. പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ട്.
നിലവിൽ പ്ലാന്റ് പ്രവർത്തനം നിർത്തിയിരിക്കുകയാണ്.യെങ്കിലും എതിർപ്പു വന്നിട്ടുണ്ട്. പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചാൽ, തെളിവു സഹിതം ലഭിക്കുന്ന പരാതികളിൽ നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ എംപി, 2 എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, കലക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കും. കൂടുതൽ പ്ലാന്റുകൾക്ക് അനുമതി നൽകിയെങ്കിലും ജനരോഷം കാരണം നിർത്തിവയ്ക്കേണ്ടി വരുകയായിരുന്നുവെന്നും ജില്ലാ ഭരണകൂടം ക്രിമിനലുകൾക്കൊപ്പം അല്ലെന്നും നാട്ടുകാർക്കൊപ്പമാണെന്നും കലക്ടർ പറഞ്ഞു.
സമരത്തിൽ നുഴഞ്ഞു കയറി സംഘർഷമുണ്ടാക്കിയവരെ തിരിച്ചറിയുന്ന നിലയിലേക്ക് അന്വേഷണം കടന്നിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുമെന്നും വടകര അഡീഷനൽ എസ്പി എ.പി.ചന്ദ്രൻ പറഞ്ഞു. പൊലീസിന്റെ അനാവശ്യ പരിശോധനകൾ ഒഴിവാക്കുക, കൂടുതൽ പ്ലാന്റ്‌ുകൾ സ്ഥാപിക്കുക, കുട്ടികൾ ഉൾപ്പടെയുള്ളവരുടെ മാനസികാവസ്ഥ പരിഗണിച്ച് കൗൺസലിങ് നൽകുക, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതി രൂപീകരിച്ച് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുക, പ്രദേശത്ത് സംയുക്ത സന്ദർശനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ മുന്നോട്ടു വച്ചത്. സമരസമിതി നേതാക്കളെ യോഗത്തിനു വിളിക്കണമായിരുന്നുവെന്നു ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു.
എം.കെ.രാഘവൻ എംപി, എംഎൽഎമാരായ എം.കെ.മുനീർ, ലിന്റോ ജോസഫ്, സബ് കലക്ടർ എസ്.ഗൗതം രാജ്, എഡിഎം സി. മുഹമ്മദ് റഫീഖ്, ശുചിത്വ മിഷൻ കോഓർഡിനേറ്റർ ഇ.ടി.രാകേഷ് എന്നിവരും രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ഭാരവാഹികളും പ്രദേശത്തെ ജനപ്രതിനിധികളും ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
