
newsdesk
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ 25,83,119 വോട്ടർമാർ. അതിൽ 12,50,018 പുരുഷന്മാരും 13,33,052 സ്ത്രീകളും 49 ട്രാൻസ്ജൻഡറുകളും ഉൾപ്പെടും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 24,70,953 ആയിരുന്നു. അതിൽ 11,98,991 പുരുഷന്മാരും 12,71,920 സ്ത്രീകളും 42 ട്രാൻസ്ജൻഡറുകളുമായിരുന്നു. ജില്ലയിൽ 34,909 പ്രവാസി വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല കോഴിക്കോട് ആണ്.
1,12,166 വോട്ടർമാരാണ് ജില്ലയിൽ 3 വർഷം കൊണ്ടു കൂടിയത്. 2021നു ശേഷം 51,027 പുരുഷന്മാരും 61,132 സ്ത്രീകളും 7 ട്രാൻസ്ജൻഡറുകളും വോട്ടർപട്ടികയിൽ പുതുതായി ഇടം പിടിച്ചു. അതേസമയം കഴിഞ്ഞ ഒരു വർഷത്തെ മാത്രം വർധന – 57,407. 2023 ജനുവരി 5നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 25,25,712 പേരാണുണ്ടായിരുന്നത്.
വോട്ടർ പട്ടികയിൽ 42055 യുവ വോട്ടർമാരും 34198 ഭിന്നശേഷി വോട്ടർമാരും ഉണ്ട്. 52506 വോട്ടർമാർ 80 വയസ്സിനു മുകളിലുള്ളവരാണ്. പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ബൂത്ത് ലവൽ ഓഫിസർമാർക്കും നിയമാനുസൃതം കൈമാറുന്നതിനായി എല്ലാ താലൂക്കുകളിലും എത്തിച്ചിട്ടുണ്ട്. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഡിസംബർ 26 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കിയിരുന്നു.
