
newsdesk
കോഴിക്കോട്∙ പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥികളെ കൂടി തീരുമാനിച്ചതോടെ ജില്ലയിലെ മത്സരചിത്രം തെളിയുന്നു. കോഴിക്കോട് മണ്ഡലത്തിലേക്ക് രാജ്യസഭാംഗം എളമരം കരീമും വടകരയിലേക്ക് കെ.കെ.ശൈലജ എംഎൽഎയും കൂടി എത്തുന്നതോടെ പ്രമുഖ സ്ഥാനാർഥികൾ നാലു പേരും ജനപ്രതിനിധികളാണെന്ന പ്രത്യേകതയുമുണ്ട്. യുഡിഎഫിന്റെ സ്ഥാനാർഥികളും നിലവിലെ എംപിമാരുമായ എം.കെ.രാഘവനും കെ.മുരളീധരനും നേരത്തെ തന്നെ കളത്തിലിറങ്ങിയിരുന്നു. എളമരം കരീം കോഴിക്കോട്ട് മത്സരിക്കാനെത്തുമെന്നു നേരത്തേ തന്നെ പ്രചാരണമുണ്ടായിരുന്നു. നാലാംതവണയും ജനവിധി തേടിയെത്തുന്ന എം.കെ.രാഘവന്റെ ജൈത്രയാത്ര തടയാൻ മണ്ഡലത്തിൽ കൂടുതൽ സ്വാധീനമുള്ള സ്ഥാനാർഥി വേണമെന്ന് ഘടകകക്ഷികൾ സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു.
തൊഴിലാളി യൂണിയൻ നേതാവായും മന്ത്രിയായും എംപിയായും സംഘാടകനായും തിളങ്ങിയ എളമരം കരീമിന്റെ പേര് അങ്ങനെയാണ് പരിഗണിച്ചത്. രാജ്യസഭയിൽ കരീമിന്റെ കാലാവധി അവസാനിക്കാനിരിക്കുകയുമാണ്. യുവാക്കൾക്കു പരിഗണന നൽകണമെന്ന ആവശ്യം ഉയർന്നതോടെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ പേരും ഉയർന്നു വന്നെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് കരീമിന്റെ പേരിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഒരു കാലത്ത് സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന വടകര ഇക്കുറിയെങ്കിലും തിരിച്ചുപിടിക്കാനുള്ള നീക്കമാണ് കെ.കെ.ശൈലജയെ പരിഗണിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
ആർഎംപി രൂപീകരണവും ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും മൂലം പാർട്ടിയിൽ നിന്ന് അകന്നകന്നു പോകുന്ന വടകര തിരിച്ചു പിടിക്കാൻ പാർട്ടി വോട്ട് അല്ലാത്ത വോട്ടുകളും സമാഹരിക്കേണ്ടതുണ്ട്. നിഷ്പക്ഷ വോട്ടർമാർക്കിടയിലും സ്ത്രീ വോട്ടർമാർക്കിടയിലും സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ശൈലജയിലേക്ക് എത്താൻ കാരണം. വടകര മണ്ഡലത്തിന്റെ ചില ഭാഗങ്ങൾ കണ്ണൂർ ജില്ലയിലാണ്. ഇതിൽ കെ.കെ.ശൈലജ നേരത്തേ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട കൂത്തുപറമ്പും ഉൾപ്പെടുന്നു. ഇരു ജില്ലയിലും ഒരു പോലെ പരിചിതയായ സ്ഥാനാർഥി തന്നെ വേണം എന്നാണ് എൽഡിഎഫ് ഘടകകക്ഷികൾ ആവശ്യപ്പെട്ടത്.
