newsdesk
കോഴിക്കോട് ∙ നിയമങ്ങൾ കാറ്റിൽപറത്തി എഐ ക്യാമറയ്ക്കു മുന്നിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചു പിടിച്ചു പറ പറക്കുന്നവരെ പിടികൂടാൻ ആർടിഒ എൻഫോഴ്സ്മെന്റ് പരിശോധന തുടരുന്നു. ഹെൽമറ്റ് ധരിക്കാതെ അതിവേഗത്തിൽ അശ്രദ്ധമായി ഇരുചക്രവാഹനം ഓടിക്കുന്നവരാണ് എഐ ക്യാമറയെ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറയ്ക്കുന്നത്. എഐ ക്യാമറയ്ക്കു സമീപം എത്തുമ്പോൾ ഒരു കൈ കൊണ്ടു നമ്പർ പ്ലേറ്റ് മറയ്ക്കും. അതിവേഗത്തിൽ വണ്ടി ഓടിക്കുന്നതോടൊപ്പമാണ് ഈ അഭ്യാസം കാണിക്കുന്നത്. ഇത് അപകടത്തിനും വഴി വയ്ക്കും. ഈ വാഹനം നിയന്ത്രണം വിട്ടു മറ്റു വാഹനത്തിൽ ഇടിക്കാനും കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്താനും സാധ്യതയേറെ.
ഇന്നലെ നടത്തിയ ക്യാമറ പരിശോധനയിൽ 4 പേർക്കെതിരെ നടപടി സ്വീകരിച്ചു. നമ്പർ പ്ലേറ്റ് കൈ കൊണ്ടു പൊത്തിപ്പിടിച്ചു വാഹനം ഓടിച്ച പി.മുഹമ്മദ് ഫാദിൽ, കെ.പി.മുർഷാദ്, എം.വി.ദിൽഷാദ്, ശ്രാവൺ എന്നിവരുടെ ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇരുചക്രവാഹനത്തിൽ 3 പേർ സഞ്ചരിച്ച സംഭവത്തിൽ ജസീം അഹമ്മദ് എന്നയാളുടെ പേരിൽ നടപടി സ്വീകരിച്ചു. ഇത്തരക്കാരെ കണ്ടെത്തി കർശന നടപടി തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖ് പറഞ്ഞു. എംവിഐ.കെ.എം.ധനീഷിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.