NEWSDESK
തൊണ്ടയാട് ∙ നടപ്പാതയിലെ കൈവരിയിൽ കുടുങ്ങി കാൽനട യാത്രക്കാരന്റെ കൈ വിരൽ അറ്റു. മലപ്പുറം മമ്പാട് സ്വദേശി പുലിയറയ്ക്കൽ സാക്കിറിന്റെ (30) ഇടതു കയ്യിലെ മോതിര വിരലാണു മുറിഞ്ഞു വേർപെട്ടത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഡിജിറ്റൽ ഗ്രാഫിക് ജീവനക്കാരനായ സാക്കിർ പൊറ്റമ്മലിലെ താമസ സ്ഥലത്തുനിന്നു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനായി റോഡരികിലെ കൈവരിയിൽ പിടിച്ചു നടന്നുനീങ്ങുമ്പോഴായിരുന്നു അപകടം.
പൊട്ടി അകന്നുനിന്ന ഇരുമ്പുകൈവരിയുടെ ഇടയിൽ വിരൽ കുടുങ്ങി മുറിയുകയായിരുന്നു. അറ്റുപോയ വിരലുമായി മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിയെങ്കിലും തുന്നിച്ചേർക്കാനായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തി മുറിഞ്ഞ ഭാഗം ഒഴിവാക്കി.
പൊറ്റമ്മൽ – മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസ് ബേയുടെ സമീപത്തെ നടപ്പാതയിലെ കൈവരി പൊട്ടിയിട്ട് മാസങ്ങളായിട്ടും കോർപറേഷൻ അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. അടിയന്തരമായി കൈവരി മാറ്റി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.