ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമിക്കാൻ കൂര പൊളിച്ചു മാറ്റിയവർ ഫണ്ട് ലഭിക്കാതെ ദുരിതത്തിൽ;തിരുവമ്പാടി പഞ്ചായത്തിൽ 273 കുടുംബങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. അതിൽ 96 കുടുംബങ്ങളാണ് വീടിന് കരാർ വച്ചത്. 12 ആദിവാസി കുടുംബങ്ങളും ഈ ലിസ്റ്റിൽ ഇനി വരും

തിരുവമ്പാടി∙ ലൈവ് ഭവന പദ്ധതിയിൽ വീട് നിർമിക്കാൻ, ഉണ്ടായിരുന്ന കൂര പൊളിച്ചു മാറ്റി വീട് നിർമാണം ആരംഭിച്ചവർ ഫണ്ട് ലഭിക്കാതെ ദുരിതത്തിലായി. പാതിവഴിയിൽ നിർമാണം നിലച്ച വീടിനു മുൻപിൽ അന്തിയുറങ്ങാൻ വഴി കാണാതെ വിഷമിക്കുകയാണ് നൂറുകണക്കിന് കുടുംബങ്ങൾ. ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ആദ്യ ഗഡു വിതരണം ചെയ്ത ശേഷമാണ് അനിശ്ചിതത്വത്തിൽ ആയത്. എല്ലാ പഞ്ചായത്തുകളിലും നാമമാത്ര വീടുകളാണ് നിർമാണമാണ് പൂർത്തീകരിച്ചത്. അർഹതയുള്ളവരുടെ ലിസ്റ്റിൽ നിന്ന് കരാർ വച്ചു നിർമാണം തുടങ്ങിയ ഒട്ടനവധി കുടുംബങ്ങളാണ് ഇപ്പോൾ പെരുവഴിയിലായത്.

4 ലക്ഷം രൂപ ആണ് ഓരോ വീടിനും അനുവദിക്കുക. അതിൽ 40,000 രൂപ ജില്ലാ പഞ്ചായത്ത്, 60,000 രൂപ ബ്ലോക്ക് പഞ്ചായത്ത്, ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാർ ബാക്കി 2 ലക്ഷം രൂപ പഞ്ചായത്ത് എന്ന നിലയിലാണ് ഫണ്ട് അനുവദിക്കുക. പഞ്ചായത്തിന്റെ ഫണ്ട് ഹഡ്കൊയിൽ നിന്നുള്ള ലോൺ എടുത്ത് നൽകും. അത് ഗഡുക്കളായി തിരിച്ച് അടയ്ക്കണം.

എന്നാൽ ആദ്യ ഗഡു ലഭിച്ചത് അല്ലാതെ മറ്റ് പ്രവർത്തനങ്ങൾ ഒന്നും നടക്കാത്തതാണ് ദുരിതമായത്. തിരുവമ്പാടി പഞ്ചായത്തിൽ 273 കുടുംബങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. അതിൽ 96 കുടുംബങ്ങളാണ് വീടിന് കരാർ വച്ചത്. 12 ആദിവാസി കുടുംബങ്ങളും ഈ ലിസ്റ്റിൽ ഇനി വരും. ഭൂരേഖകൾ ശരിയാകാത്തതാണ് കരാർ വയ്ക്കാത്തതിനു കാരണം. 66 ഭൂരഹിത കുടുംബങ്ങളും വീടിന് അപേക്ഷിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ 25 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഒരു കോടി രൂപ ആണ് 100 കുടുംബങ്ങൾക്കായി ലഭിക്കേണ്ടത്. പൊതുമേഖലാ ബാങ്കിന്റെ 30 ലക്ഷം രൂപ മാത്രമാണ് പഞ്ചായത്തിന് വായ്പയായി ലഭിച്ചത്. പഞ്ചായത്ത് വയ്ക്കേണ്ട വിഹിതം വകയിരുത്തിയെങ്കിലും ജില്ലാ പഞ്ചായത്ത് –ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ വിഹിതം ഇതുവരെ ലഭിച്ചില്ല. 7 വീടുകൾ മാത്രമാണ് പൂർത്തീകരിച്ചത്. ഇവർക്കുതന്നെ 50,000 രൂപ മാത്രമാണ് നൽകിയത്. ഒരാൾക്ക് മാത്രമാണ് പൂർണമായി ഫണ്ട് നൽകിയത്. ഭൂ രഹിതരെ പദ്ധതിയിൽ ഉൾപ്പെടുത്തണമെങ്കിൽ സർക്കാരിന്റെ ഉത്തരവ് ഇറങ്ങണം.

ലൈഫ് പദ്ധതിയിൽ കരാർ വച്ച എല്ലാവർക്കും ആദ്യ ഗഡു വിതരണം ചെയ്തു കഴിഞ്ഞു. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള വീടുകൾക്ക് തുടർന്നുള്ള ഗഡുക്കൾ സമയ ബന്ധിതമായി വിതരണം നടത്തുന്ന കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് കൂടി യഥാസമയം ലഭ്യമായാൽ മാത്രമേ വീട് നിർമാണം പൂർത്തീകരിക്കാൻ കഴിയൂ.

error: Content is protected !!