താമരശ്ശേരി ഗ്രാമ ന്യായാലയം പ്രവർത്തിക്കുന്ന കെട്ടിടം അപകട ഭീഷണിയിൽ

താമരശ്ശേരി∙ കാലപ്പഴക്കത്തിൽ ജീർണിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗ്രാമന്യായാലയം ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായി. കെട്ടിടത്തിന്റെ സൺഷേഡ് പൊട്ടിപ്പൊളിഞ്ഞ് കോൺക്രീറ്റ് കഷണങ്ങൾ താഴേക്ക് അടർന്നു വീഴുന്നുണ്ട്. കോൺക്രീറ്റ് പൊളിഞ്ഞു വാർപ്പിന്റെ കമ്പികൾ പുറത്തെത്തി. ഇതുവഴി പോകുന്നവർക്ക് അപായ സൂചന നൽ‍കി കെട്ടിടത്തിന്റെ ചുമരിൽ മുന്നറിയിപ്പ് നോട്ടിസ് ഒട്ടിച്ചു. ഈ കെട്ടിടത്തിന്റെ ഒരുഭാഗം കാടുകയറി. താമരശ്ശേരി ചുങ്കത്ത് ഗ്രാമ ന്യായാലയം പ്രവർത്തിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്.

നേരത്തെ കെഎസ്ഇബി ഓഫിസ് പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ഗ്രാമ ന്യായാലയം പ്രവർത്തിക്കുന്നത്. ജീവനക്കാരും കോടതിയിൽ എത്തുന്നവരും ആശങ്കയോടെയാണ് ഇവിടേക്കു വരുന്നത്. തൊട്ടടുത്തെ പുതിയ കെഎസ്ഇബി ഓഫിസിലേക്കും ഇതുവഴിയാണു പോകുന്നത്.

കെഎസ്ഇബിയിലേക്കു വരുന്ന ഉപയോക്താക്കളുടെ ഉൾപ്പെടെയുള്ള വാഹനങ്ങളും ഇവിടെ പകൽ നിർത്തിയിടാറുണ്ട്. അറ്റകുറ്റപ്പണി നടത്തി കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിക്കുന്നില്ലങ്കിൽ കോടതി ഇവിടെ നിന്ന് മാറ്റേണ്ടി വരും. നിലവിൽ താമരശ്ശേരിയിലെ സർക്കാർ ഓഫിസുകുൾ പലതും സ്ഥല സൗകര്യമില്ലാതെ വീർപ്പുമുട്ടുകയാണ്.

error: Content is protected !!