പനിയും അസ്വസ്ഥതയും പന്ത് തട്ടിയതുകൊണ്ടെന്ന് കരുതി; എന്നാൽ തിരിച്ചുകിട്ടിയ സൈക്കിൾ അനാഥമാക്കി മൃദുൽ പോയി!

കോഴിക്കോട്∙ കാണാതെപോയ സൈക്കിൾ കിട്ടിയ സന്തോഷത്തിനിടെയാണു മൃദുലിനു പനിയും ശാരീരിക അസ്വസ്ഥതകളും തുടങ്ങിയത്. രണ്ടു ദിവസത്തിനുശേഷം മൃദുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടൊരിക്കലും മൃദുലിന് ആശുപത്രിയിൽനിന്നു തിരിച്ചുവരാനോ സൈക്കിൾ ഓടിക്കാനോ സാധിച്ചില്ല. അമീബിക് മസ്തിഷ്കജ്വരം മൃദുലിനെ കൊണ്ടുപോയി. രാമനാട്ടുകര ഫറൂഖ് കോളജിനു സമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ് – ജ്യോതി ദമ്പതികളുടെ മകൻ ഇ.പി.മൃദുലാണു കഴിഞ്ഞ രാത്രി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഫറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ നാട് വിങ്ങുകയാണ്.


ഫറൂഖ് കോളജ് അച്ചംകുളത്തിൽ കുളിച്ചതിനു പിന്നാലെയാണു മൃദുലിന് അസുഖം പിടിപെട്ടത്. കുളത്തിന്റെ കരയിൽ വച്ചാണ് സൈക്കിൾ കാണാതായത്. തുടർന്ന് കൗൺസിലർ ബീനയുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി. വാട്സാപ് ഗ്രൂപ്പുകളിലും സൈക്കിൾ കാണാതായ വിവരം അറിയിച്ചു. വൈകുന്നേരത്തോടെ സൈക്കിൾ കാണാതായ സ്ഥലത്തുനിന്നു തന്നെ കണ്ടെത്തുകയായിരുന്നു. മൃദുൽ മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. സ്കൂൾ ടീമിലും മറ്റും കളിക്കാറുണ്ട്. കളിക്കുന്നതിനിടെ പന്ത് തലയിൽ പതിച്ചിരുന്നു. പനിയും മറ്റ് ബുദ്ധിമുട്ടുകളും തോന്നിയപ്പോൾ പന്ത് തലയിൽ തട്ടിയതുകൊണ്ടാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് കഴിഞ്ഞ 18ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

error: Content is protected !!