കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ സ്റ്റിക്കര്‍ ഷോപ്പില്‍ നിന്ന് കണ്ടെത്തി; സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

NEWSDESK

പേരാമ്പ്ര: കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ മുളിയങ്ങലില്‍ കണ്ടെത്തി. മുളിയങ്ങലില്‍ സ്റ്റിക്കര്‍ ഷോപ്പില്‍ നിന്ന് വെള്ളിയാഴ്ച്ച രാവിലെയാണ് പൊലീസ് കാര്‍ കണ്ടെടുത്തത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പേരാമ്പ്ര ചേനോളി സ്വദേശികളായ അഫ്‌നാദ്, ഇഷാന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

കോഴിക്കോട് നടക്കാവിലുള്ള ഫോര്‍ഡിന്റെ ഷോറൂമില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കാര്‍ മോഷണം പോയത്. നടക്കാവ് ഷോറൂമില്‍ നിര്‍ത്തിയിട്ട കെഎല്‍ 13 എടി 1223 നമ്പര്‍ കാര്‍ യുവാക്കള്‍ കടത്തി കൊണ്ടുവരുകയായിരുന്നു. ഇവിടെ എത്തിച്ച് രൂപമാറ്റം വരുത്താനുള്ള നീക്കത്തിനിടയിലാണ് കാര്‍ പോലീസ് കണ്ടെടുത്തത്. അന്വേഷണത്തില്‍ മോഷണം പോയ കാര്‍ പേരാമ്പ്ര ഭാഗത്തേക്കാണ് വന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ വാഹനം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പൊലീസിനെ കണ്ടയുടനെ വാഹനവുമായി എത്തിയ രണ്ട് യുവാക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം സുജിലേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിരവധികേസുകളില്‍ പ്രതികളാണ് കസ്റ്റഡിയിലായ യുവാക്കള്‍ എന്നാണ് വിവരം. നടക്കാവ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ നടക്കാവ് പൊലീസിന് കൈമാറി.

error: Content is protected !!
%d