newsdesk
കോഴിക്കോട്: റെയില്‍വേസ്റ്റേഷനില്‍ വമ്പിച്ച മാറ്റങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 472.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥ സംഘം കോഴിക്കോട്ടെത്തി വിശദമായ ചര്‍ച്ചകള്‍ നടത്തി. രണ്ട് അഡീഷണല്‍ ഡിവിഷന്‍ മാനേജര്‍മാരുടെ നേതൃത്വത്തിലാണ് സംഘം കോഴിക്കോട്ടെത്തിയത്.
നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ ഓരോ ഓഫീസും മാറ്റി സ്ഥാപിക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങളും, രണ്ട് ടെര്‍മിനലുകളുമായി റോഡ് വികസനത്തിന്റെ സാധ്യതകളുമാണ് സംഘം ചര്‍ച്ച ചെയ്തത്.
സ്‌റ്റേഷന്റെ പുനര്‍ നിര്‍മ്മാണത്തിനായി നിലവിലുള്ള കെട്ടിടങ്ങളുടെ 90% ഘട്ടംഘട്ടമായി പൊളിക്കും. റെയില്‍വേസ്റ്റേഷനില്‍ നടക്കുന്ന വികസനം സംസ്ഥാത്തെ റെയില്‍വേസ്റ്റേഷനുകളില്‍ നടക്കുന്ന ഏറ്റവും വലിയ വികസനമായിരിക്കും. ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയാല്‍ മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്തും, പടിഞ്ഞാറ് ഭാഗത്തും രണ്ട്, നാല് നിലകളുള്ള ടെര്‍മിനല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. 43 മീറ്റര്‍ വീതിയുള്ള കോണ്‍കോര്‍സും 12 മീറ്റര്‍ വീതിയുള്ള പാലങ്ങളും ഉണ്ടാവും. റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകള്‍ അഞ്ച് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളാകും. സ്റ്റേഷനിലെ വിവിധ ഓഫീസുകള്‍ ഒരു കുടക്കീഴിലാകും. രണ്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പ്ലാസകള്‍, ഉപരിതല പാര്‍ക്കിംഗ് ഏരിയ, എസ്ടിപികള്‍, പ്രത്യേക ആര്‍എംഎസ് ബ്ലോക്ക്, എസ്‌കലേറ്ററുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.