Site icon CTV Online

ടിക്കറ്റ് എടുക്കാൻ നീണ്ട കാത്തുനിൽപ്, കിട്ടിയാൽ തന്നെ കയറിക്കൂടാൻ പെടാപ്പാട്; യാത്രക്കാരുടെ ‘ഒരു അവസ്ഥ’

Web Desk

കോഴിക്കോട്, ട്രെയിനിലെ ജനറൽ കംപാർട്മെന്റിൽ ടിക്കറ്റ് എടുക്കാൻ ഒരു മണിക്കൂറിലേറെ നീണ്ട കാത്തുനിൽപ്. ടിക്കറ്റ് കിട്ടിയാൽ തന്നെ ട്രെയിനിൽ കയറിക്കൂടാൻ പെടാപ്പാട്. ഇരിക്കാൻ സീറ്റില്ലെങ്കിലും സാരമില്ല, ട്രെയിനിലൊന്ന് കയറിപ്പറ്റിയാൽ മതി– ഇന്നലെ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യാനെത്തിയ മിക്ക യാത്രക്കാരുടെയും അവസ്ഥ ഇതായിരുന്നു. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഇന്നലെ വൈകിട്ടു റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോഴും അതിൽ കയറാനാകാതെ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ടിക്കറ്റുമായി പ്ലാറ്റ്ഫോമിൽ നിൽക്കുന്നുണ്ടായിരുന്നു. വാതിലിനടുത്ത് തൂങ്ങിപ്പിടിച്ചു നിന്ന് യാത്രചെയ്യാനൊരുങ്ങിയവരെ പൊലീസും റെയിൽവേ സംരക്ഷണ സേനാംഗങ്ങളും ചേർന്നു പിന്തിരിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ് ഫോമിൽ 4 ടിക്കറ്റ് കൗണ്ടറും നാലാം പ്ലാറ്റ് ഫോമിൽ ഒരു കൗണ്ടറുമാണ് പ്രവർത്തിച്ചത്. നാലാം പ്ലാറ്റ് ഫോമിൽ 2 കൗണ്ടർ ഉണ്ടെങ്കിലും തിരക്കു ദിവസമായിട്ടു പോലും ഒരു കൗണ്ടർ പ്രവർത്തിക്കാത്തതിനാൽ നീണ്ട നിരയായിരുന്നു. ഓണാവധി കഴിഞ്ഞു മടങ്ങുന്ന വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടിയത്. ട്രെയിനിൽ കയറിയവർക്കാകട്ടെ പിടിച്ചു നിൽക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു.ശുചിമുറിയുടെ ഉള്ളിൽ വരെ കയറിനിൽക്കേണ്ടി വന്നു പലർക്കും. അതേ സമയം, ഓണത്തിരക്കു മുന്നിൽ കണ്ട് രാത്രിയിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചിട്ടുണ്ടെന്നാണു റെയിൽവേ അധികൃതർ പറയുന്നത്.

Exit mobile version