ജീവനക്കാർക്കെതിരെ പോക്സോ കേസെടുത്തു; കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

NEWSDESK

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കോഴിക്കോട് – കണ്ണൂർ, കോഴിക്കോട് – തൊട്ടിൽപ്പാലം റൂട്ടുകളിൽ ഓടുന്ന ബസുകളാണ് പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിയുടെ പരാതിയിൽ ചൊക്ലി പൊലീസും തൃശൂർ – കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിയുടെ പരാതിയിൽ തേഞ്ഞിപ്പാലം സ്റ്റേഷനിലുമാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതിന് പിന്നാലെയാണ് പണിമുടക്ക്.

ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥിനി പരാതി നൽകിയത്. ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയിട്ടും ഇറക്കാതെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള സ്റ്റോപ്പിലാണ് കുട്ടിയെ ഇറക്കിവിട്ടത്. ഇരിട്ടി- ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് ഇരിട്ടി ഹയർസെക്കൻ‌ഡറി സ്കൂൾ വിദ്യാർത്ഥിനി പൊലീസിലും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകിയത്.വൈകിട്ട് 5 .15 ഓടെ ഇരിട്ടിയിൽ നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസിൽ ഇരിട്ടി ടൗണിൽ നിന്നും വിദ്യാർത്ഥിനി കയറുകയായിരുന്നു. നല്ല തിരക്കുണ്ടായിരുന്നതിനാൽ പെരുമ്പറമ്പ് സ്കൂളിന് സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും മുന്നോട്ട് നീങ്ങിയ ബസ് നിർത്താൻ കണ്ടക്‌ടറോട്‌ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ യാത്രക്കാരുടെ മുന്നിൽ വച്ച് മോശമായി സംസാരിക്കുകയും തുടർന്ന് വിജനമായ സ്ഥലത്ത് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. സാധാരണ ബസുകൾ നിർത്താറുള്ള മൂന്ന് സ്റ്റോപ്പുകൾക്ക് അപ്പുറം നിർത്തിയ ബസിൽ നിന്നും ഇറങ്ങി സമീപത്തെ ഒരു കടയിൽ നിന്നും വീട്ടിലേക്ക് ഫോൺ വിളിച്ച് ബന്ധുക്കളെ വരുത്തിയാണ് തിരിച്ച് വീട്ടിലെത്തിയതെന്ന് വിദ്യാർത്ഥിനി പറഞ്ഞു. വീട്ടിലെത്തി രാത്രി തന്നെ ഇരിട്ടി പൊലീസിൽ പരാതി നൽകി. ഇരിട്ടി ജോയിന്റ് ആർടിഒക്കും പരാതി നൽകിയിട്ടുണ്ട്.

error: Content is protected !!